qassim-soleimani

ടെഹ്‌റാൻ: അമേരിക്കൻ സൈന്യത്തെയും അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇറാൻ. ചൊവാഴ്ച ചേർന്ന ഇറാൻ പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള ബിൽ ഇറാൻ പാസാക്കി. ഇനി മുതൽ അമേരിക്കൻ സൈന്യത്തെയും പെന്റഗണിനെയും സഹായിക്കുന്നവരെ ഭീകരരായാണ് ഇറാൻ കണക്കാക്കുക. ഇക്കഴിഞ്ഞ ജനുവരി മൂന്നാം തീയതി ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻ രഹസ്യസേനാ തലവൻ ഖാസിം സൊലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്ന അസ്വാരസ്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയത്.

അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും എന്നും ഇറാൻ സർക്കാരിലെ ഉന്നതർ പ്രഖ്യാപിച്ചിരുന്നു. സൊലൈമാനിയുടെ ഖബറടക്ക ചടങ്ങുകൾ നടക്കാനിരിക്കവെയാണ് ഇറാൻ അമേരിക്കൻ സൈന്യത്തെയും പെന്റഗണിനെയും ഭീകരരായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടെ, ഇറാനെ വീണ്ടും പ്രകോപിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫിന് അമേരിക്ക വിസയും നിഷേധിച്ചിരുന്നു. ഇതും കൂടിയായപ്പോഴാണ് ഇറാൻ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. യു.എൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി ആയിരുന്നു സരീഫ് വിസയ്ക്കായി അമേരിക്കയോട് അപേക്ഷിച്ചിരുന്നത്.