nirbhaya-case

ന്യൂഡൽഹി: 2012 ‌‌ഡിസംബർ 16നാണ് തന്റെ സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം ബസിൽ കയറിയ 'നിർഭയ'യെ ബസിലുണ്ടായിരുന്ന മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ, അക്ഷയ് കുമാർ സിംഗ്, റാം സിംഗ് എന്നിവരുൾപ്പെടുന്ന സംഘം.. അതിക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. ഏഴ് വർഷങ്ങൾക്കിപ്പുറം നിർഭയയുടെ മാതാപിതാക്കൾക്ക് ആശ്വാസമേകിക്കൊണ്ട് അവരെ തേടി നീതി എത്തിയിരിക്കുകയാണ്. ജനുവരി 22 രാവിലെ ഏഴു മണിക്ക് പ്രതികളെ തൂക്കിലേറ്റാൻ കോടതി വിധിച്ചിരിക്കുന്നു(റാം സിംഗ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തിരുന്നു). എന്നാൽ വിധി വരുന്നതിന് തൊട്ടുമുൻപ് നിർഭയയുടെ അമ്മയും പ്രതികളിൽ ഒരാളായ മുകേഷ് സിംഗിന്റെ അമ്മയും തമ്മിലുണ്ടായ നാടകീയ നിമിഷങ്ങൾക്ക് കോടതി വേദിയായി.

'എന്റെ മകനോട് ക്ഷമിക്കണം, അവന്റെ ജീവനായി ഞാൻ നിങ്ങളോടു അപേക്ഷിക്കുകയാണ്.' കരഞ്ഞുകൊണ്ട്, ഡൽഹിയിലെ ബസിൽവച്ച് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട 'നിർഭയ'യുടെ മാതാവിനോട് പ്രതി മുകേഷ് സിംഗിന്റെ അമ്മ ഇങ്ങനെയാണ് കോടതി മുറിയിൽ വച്ച് അപേക്ഷിച്ചത്. നിറണ്ണുകളോടെ, തന്റെ സാരിത്തുമ്പ് പിടിച്ചുകൊണ്ട് പ്രതിയുടെ അമ്മയുടെ അപേക്ഷ കേട്ട് 'നിർഭയ'യുടെ അമ്മയുടെ കണ്ണുകളും നിറയുകയായിരുന്നു. എങ്കിലും അവർ മറുപടി നൽകി: 'എനിക്കും ഒരു മകൾ ഉണ്ടായിരുന്നു. അവൾക്ക് സംഭവിച്ച കാര്യം, അതെങ്ങനെയാണ് ഞാൻ മറക്കുക? കഴിഞ്ഞ ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു.' തുടർന്ന് മൗനം പാലിക്കണമെന്ന കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഇരുവരും സംസാരം അവസാനിപ്പിച്ച് ഇരുവരും തങ്ങളുടെ കണ്ണുകൾ തുടയ്ക്കുകയായിരുന്നു.