aishe-ghosh

ന്യൂഡൽഹി: ജവഹർ നെഹ്‌റു സർവകലാശാലയിൽ വർദ്ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യവുമായി സമരം ചെയ്ത വിദ്യാർത്ഥികളെ പിന്തുണച്ച് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ(എ) അദ്ധ്യക്ഷനുമായ രാംദാസ് അത്താവലെ. സർവകലാശാലയിൽ രാഷ്ട്രീയം വേണമെന്നും എന്നാൽ അതിന്റെ പേരിൽ ഗുണ്ടായിസം പാടില്ലെന്നും അവിടുത്തെ സർവകലാശാലയിലെ രജിസ്‌ട്രേഷൻ നടപടികൾ തടസപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലയിലെ വർദ്ധിപ്പിച്ച ഫീസ് കുറയ്‌ക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജെ.എൻ.യുവിലെ സർവർ മുറിയിൽ ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പടെയുള്ളവർ അതിക്രമിച്ചുകയറി രജിസ്‌ട്രേഷൻ നടപടികൾ അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് ഘോഷിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസുകൾ അടിസ്ഥാന വിരുദ്ധമാണെന്നും തനിക്കെതിരെ എന്ത് തെളിവാണുള്ളതെന്നും ചോദിച്ചുകൊണ്ട് ഐഷി ഘോഷ് രംഗത്തെത്തിയിരുന്നു.

ഫീസ് വർദ്ധനയ്‌ക്കെതിരെ സമരം നടക്കുന്ന ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലാ കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരെ ഞായറാഴ്ച വൈകുന്നേരം എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചിരുന്നു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിരുന്ന ഐഷിയെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അക്രമങ്ങൾക്ക് പിന്നിൽ എ.ബി.വി.പി പ്രവർത്തകരാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും വാട്സാപ്പ് മെസേജുകളുടെ സ്ക്രീൻഷോട്ടുകളും പുറത്ത് വന്നിരുന്നുവെങ്കിലും ഇവർക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീസ് ഇനിയും തയാറായിട്ടില്ല.