baby

ലക്‌നൗ: ആശുപത്രി ബിൽ അടയ്ക്കാൻ പണമില്ലാതെ വന്ന മാതാപിതാക്കളോട് നവജാത ശിശുവിനെ പണയവസ്തുവാക്കാൻ ആവശ്യപ്പെട്ട് ഡോക്ടർ. ഉത്തർപ്രദേശിലെ ഭാഗ്പട്ട് ജില്ലയിലെ നഴ്‌സിംഗ് ഹോമിൽ 2018 സെപ്‌തംബറിലാണ് സംഭവം നടന്നത്. എന്നാൽ പണം മുഴുവൻ അടച്ച് കുഞ്ഞിനെ തിരികെയെടുക്കാൻ എത്തിയപ്പോൾ തങ്ങളെ ആട്ടിയോടിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്തതെന്നാണ് കുട്ടിയുടെ അച്ഛനായ മോഹർ സിംഗ് ആരോപിക്കുന്നത്.

ഇവർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് ആൺകുട്ടി ജനിച്ചപ്പോൾ 40,000 രൂപയാണ് ബില്ലാണ് നൽകിയത്. ഇത് അടയ്ക്കാൻ കഴിയാത്തെ വന്നപ്പോൾ പ്രശ്നപരിഹാരം എന്ന നിലയ്ക്കാണ് ഡോക്ടർ ഇവരെ സമീപിച്ചത്. എന്നാൽ പണമടയ്ക്കുന്നത് വരെ കുട്ടി നഴ്‌സിംഗ് ഹോമിൽ നിൽക്കട്ടെ എന്നാണു ഡോക്ടർ പറഞ്ഞത്. ശേഷം ഘട്ടം ഘട്ടമായി ഇവർ മുപ്പതിനായിരത്തോളം രൂപ അടച്ചു തീർത്തു.

തുടർന്ന് കുട്ടിയെ തിരികെ വാങ്ങുന്നതിനായി ഇവർ ഡോക്ടറെ സമീപിച്ചപ്പോൾ അയാൾ ഇവരെ ആട്ടിയോടിച്ചു. എന്നാൽ ദമ്പതികൾ അവരുടെ കുട്ടിയെ മുസാഫർനഗറിൽ വച്ച് വിറ്റുവെന്നാണ് ഡോക്ടർ പൊലീസിനോട് പറയുന്നത്. ഈ ആരോപണം കുട്ടിയുടെ മാതാപിതാക്കൾ നിഷേധിച്ചിട്ടുണ്ട്. കുട്ടിയെ വിറ്റിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.സി.പി അനിൽകുമാർ സിംഗ് അറിയിച്ചു.