ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളർച്ച ഈ വർഷം അഞ്ച് ശതമാനം മാത്രമെന്ന് കേന്ദ്ര സർക്കാർ. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ വളർച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് സ്ഥിതിവിവര, പദ്ധതി പ്രയോഗ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2019ൽ ആഭ്യന്തര ഉത്പാദനത്തിൽ 6.8 ശതമാനമായിരുന്നു വളർച്ച. ഉത്പാദന മേഖലയിലാണ് ഏറ്റവും വലിയ തളർച്ച സംഭവിക്കുക.
ഈ മേഖലയിലെ വളർച്ച വെറും രണ്ടുശതമാനം മാത്രമായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 6.2 ശതമാനമായിരുന്നു. കാർഷിക മേഖലയിലും നിർമാണ, വൈദ്യുതി മേഖലയിലും മാന്ദ്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഖനനം, പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നേരിയ വളർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. 2019ൽ നടന്ന സാമ്പത്തിക സർവേ പ്രകാരമുള്ള ഏഴ് ശതമാനത്തിന്റെ വളർച്ച നിലവിലെ കണക്കനുസരിച്ച് ഒരിക്കലും കൈവരിക്കാൻ സാധിക്കുകയില്ല.