ഉത്കണ്ഠ ഗൗരവമേറിയ തലത്തിലെത്തുമ്പോൾ ചികിത്സ തേടേണ്ടി വരികയോ മരുന്ന് കഴിക്കേണ്ടി വരികയോ ചെയ്തേക്കാം. എന്നാൽ ചെറിയ ഉത്കണ്ഠകൾ സ്വാഭാവികമായി കാണുകയേ വേണ്ടൂ. ഇവയെ തുരത്താനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സംഗീതം, നടത്തം, ചെറുയാത്രകൾ, ധ്യാനം, യോഗ എന്നിവയെല്ലാം ഉത്കണ്ഠയെ പ്രതിരോധിക്കാനുള്ള എളുപ്പ വഴികളാണ്.
നിത്യവും വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് ശരീരത്തിന് മാത്രമല്ല, മനസിനും ചുറുചുറുക്കും ഉന്മേഷവും ഉണ്ടായിരിക്കുമെന്നാണ് വിദഗ്ധപക്ഷം. ഭാരോദ്വഹനം, ട്രെഡ് മിൽ, നൃത്തം, ഓട്ടം എന്നിവയെല്ലാം മികച്ച വ്യായാമങ്ങളാണ്. ദിവസം പതിനഞ്ച് മിനിട്ട് ധ്യാനിക്കുന്നത് മാനസിക നിയന്ത്രണവും ഉൾക്കരുത്തും നേടാൻ സഹായിക്കും. മനസിനെ ശൂന്യമാക്കി വയ്ക്കാനും ശാന്തത സ്വയം കൈവരിക്കാനും ധ്യാനം സഹായിക്കും. മത്സരബുദ്ധി, പക, അമിത പ്രതീക്ഷകൾ എന്നിവ ഉത്കണ്ഠ വളർത്തുന്ന ഘടകങ്ങളാണ്. അസ്വാഭാവികമായ രീതിയിൽ ഉത്കണ്ഠകൾ വളരുന്നുണ്ടെങ്കിൽ വിദഗ്ധനിർദേശം തേടാൻ മടിക്കരുത്.