iran

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ച് ഇറാൻ. ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇർബിലിലേയും അൽ അസദിലേയും രണ്ട് അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 12ഓളം മിസൈലുകൾ ആണ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല.

അൽ അസദിൽ അമേരിക്കൻ സൈന്യം തങ്ങുന്ന അൽ അസദ് എയർ ബേസും അമേരിക്കൻ സൈനികരും സഖ്യരാജ്യങ്ങളിലെ സൈനികരും തങ്ങുന്ന ഇർബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകൾ വർഷിച്ചിട്ടുണ്ട്. ഇറാന്റെ ഉന്നത സൈനിക കമാൻഡർ ഖ്വാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാൻ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഓയിൽ വില ഇതിനോടകം 3.5 ശതമാനം വർധിച്ചു എന്നാണ് വിവരം.

അതേസമയം, ആക്രമണത്തെ തുടർന്ന് യു.എസ്, വിദേശകാര്യ പ്രതിരോധ സെക്രട്ടറിമാർ വൈറ്റ്ഹൗസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതായി അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗണും അറിയിച്ചു. അതിനിടെ ഗൾഫ് മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതുണ്ടായില്ലെങ്കിൽ സൈനികരുടെ മരണത്തിന് യു.എസിനാകും ഉത്തരവാദിത്തം. ഇറാനെ ആക്രമിക്കാൻ മുതിരരുതെന്ന് അമേരിക്കൻ സഖ്യ സേനകൾക്കും ഇറാന്റെ മുന്നറിയിപ്പുണ്ട്. അമേരിക്കയ്ക്കെതിരെ രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചതായും ഇറാൻ വ്യക്തമാക്കി