trump

വാഷിംഗ്‌ടൺ: രണ്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ബലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ട്വീറ്റുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടന്നു എന്ന് സ്ഥിരീകരിച്ച ട്രംപ് 'എല്ലാം നന്നായിപോകുന്നു(ആൾ ഈസ് വെൽ)' എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ അമേരിക്ക വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും ശക്തമായ, ആയുധബലമുള്ള സൈന്യമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

'എല്ലാം നന്നായിപോകുന്നു. ഇറാഖിലുള്ള രണ്ട് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തിയിട്ടുണ്ട്. ആളപായത്തെക്കുറിച്ചും ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും വിലയിരുത്തലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ കുഴപ്പമൊന്നുമില്ല. ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച്, ലോകത്തിലെ ഏറ്റവും ശക്തമായതും ആയുധബലമുള്ളതുമായ സൈന്യമാണ് നമ്മുടേത്. നാളെ രാവിലെ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തും.' അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ജനുവരി മൂന്നിന് ഇറാനിയൻ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവൻ ഖാസിം സൊലൈമാനി ഉൾപ്പെടെയുള്ളവരെ ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനിലെ ഒരു ദേശീയ വാർത്താ ചാനലിലാണ് ഇത് സംബന്ധിച്ചുള്ള വാർത്ത വന്നത്. കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാനായി അമേരിക്ക തങ്ങളുടെ സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും ഇറാൻ പറയുന്നു.