തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്. ഓട്ടോ, ടാക്സി, മോട്ടോര്‍ വാഹന തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാരും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരും കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരും പണിമുടക്കുന്നുണ്ട്. കേരളത്തിൽ ചിലയിടങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായി. തിരുവല്ലയിൽ ബാങ്കുകൾ അടപ്പിച്ചു. സി.ഐ.ടിയു പ്രവർത്തകരാണ് ബാങ്ക് അടപ്പിച്ചത്.
അതേസമയം, ദൂരെ സ്ഥലങ്ങളില്‍ നിന്നും ട്രെയിനുകളില്‍ എത്തിച്ചേരുന്നവര്‍ക്ക് വിവിധ ഇടങ്ങളിലേയ്‌ക്കെത്താന്‍ പൊലീസ് സഹായം നല്‍കുന്നുണ്ട്. പത്തനംതിട്ടയില്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരുന്നു. കൊച്ചിയില്‍ പണിമുടക്ക് പൂര്‍ണമാണ്. വ്യവസായശാലകളില്‍ തൊഴിലാളികള്‍ പൂര്‍ണമായും പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുക്കുകയാണ്. വടക്കന്‍ കേരളത്തില്‍ ഓട്ടോ തൊഴിലാളികളടക്കം പൂര്‍ണമായി പണിമുടക്കില്‍ പങ്കെടുക്കുന്നു.
കുറഞ്ഞ കൂലി പ്രതിമാസം 21,000 രൂപയാക്കുക, പൊതുമേഖലയുടെ സ്വകാര്യവല്‍കരണം അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിവിരുദ്ധമായി ഭേദഗതി ചെയ്യുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെയും തൊഴിലാളികള്‍ പ്രതിഷേധിക്കുന്നുണ്ട്. പാല്‍, പത്രം, ആശുപത്രികള്‍, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 വരെ തുടരും.