തിരുവനന്തപുരം: ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം ലഭിച്ചതിനാൽ കേരളത്തിന് പ്രളയ ദുരിതാശ്വാസം കിട്ടില്ലെന്ന് അർത്ഥമില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. 2019ലെ പ്രളയക്കെടുതിയിൽ കേരളം 2109 കോടി രൂപയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ ഇന്റർ മിനിസ്റ്റീരിയൽ ടീം കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും റിപ്പോർട്ട് കേന്ദ്രത്തിന് നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് കിട്ടിയില്ല എന്നത് ശരിയാണ്. എന്നാൽ രേഖാമൂലം കേരളത്തിന് മറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. കേരളത്തിന് സഹായം നിഷേധിച്ചു എന്നു പറയാറായിട്ടില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ദുരിതകാലത്ത് 89,540 മെട്രിക് ടൺ അരി വിതരണം ചെയ്‌ത വകയിൽ 205 കോടി നൽകണമെന്ന് എഫ്.സി.ഐയുടെ കത്ത് കിട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ നേരത്തെ മറുപടി നൽകിയതാണ്. പുതിയ കത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. 2018ലെ പ്രളയത്തിൽ ഇവിടെ 488 പേർ മരിച്ചപ്പോൾ 4700 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അന്ന് കേന്ദ്രം 3048.39 കോടി രൂപ തന്നു. ഇതുകൂടാതെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രവിഹിതമായ 75 ശതമാനമാണ് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് നൽകുകയെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയിൽ നിന്ന് കേരളത്തിന് സഹായം അനുവദിക്കാത്തത് അമിത് ഷായ്ക്ക് കേരളത്തോടുള്ള കടുത്ത വൈരാഗ്യം കാരണമെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ ആരോപണം. കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമാണ്. ഏഴു സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപ അനുവദിച്ചപ്പോൾ അവയെക്കാൾ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ദുരിതാശ്വാസ സമിതി യോഗമാണ് കേരളത്തെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു.
പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുത് എന്നൊരു വാശി ബി.ജെ.പിയ്‌ക്കുണ്ടെന്നായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്. സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശ സന്ദർശനം തടഞ്ഞ തീരുമാനവും അതിന്റെ തുടർച്ചയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.