തിരുവനന്തപുരം: കാരക്കോണത്ത് പത്തൊൻപതുകാരിയെ കാമുകനായ ഇരുപത്തിനാലുകാരൻ വീട്ടിൽ കടന്നുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അനു തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അച്ഛൻ അജിത് പറഞ്ഞു. അനുവിന്റെ നിരന്തര ഭീഷണി കാരണം വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്കു മാറിത്താമസിക്കാനും ശ്രമം നടത്തിയിരുന്നു.
ഇരുപതുലക്ഷം രൂപയെങ്കിലും കിട്ടിരുന്നെങ്കിൽ അവനെ പേടിച്ച് തങ്ങൾ എവിടെയെങ്കിലും മാറിത്താമസിക്കുമായിരുന്നെന്നും ഇനി മകളുറങ്ങുന്ന മണ്ണ് വിറ്റ് എവിടെയും പോകില്ലെന്നും അജിത് പറഞ്ഞു. ആറുമാസം മുൻപാണ് പോലീസ് സ്റ്റേഷനിൽ അനുവിനെയും അച്ഛൻ മണിയനെയും വിളിച്ചുവരുത്തി അഷികയെ ഇനി ശല്യം ചെയ്യില്ലെന്ന് എഴുതിവാങ്ങിയത്. എന്നാൽ, ഇതിനുശേഷവും അനു, അഷികയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ആകെയുണ്ടായിരുന്ന ആറ് സെന്റ് സ്ഥലവും വീടും വിൽപ്പന നടത്താൻ അജിത് ശ്രമമാരംഭിച്ചു. ഇതിനായി പലസ്ഥലത്തും പരസ്യവും പതിപ്പിച്ചിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അഷികയെ കൊലപ്പെടുത്തിയത്. അഷികയുടെ അപ്പൂപ്പൻ (ചെല്ലപ്പൻ) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു അപ്പോൾ. അപ്പൂപ്പനെ തള്ളിമാറ്രിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. അതിനിടയിൽ അനു കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് അഷികയെ കട്ടിലിൽ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു. അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി കതക് ചവിട്ടി തുറപ്പോൾ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു.
വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചത്. അഷിക വീട്ടിൽ വച്ചു തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്. പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു. വിദ്യാർത്ഥിയായ അഭിഷേകാണ് അഷികയുടെ സഹോദരൻ. മനുവാണ് അനുവിന്റെ സഹോദരൻ.