trump

ടെഹ്‌റാൻ: രണ്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ 'അൽ ജസീറ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ ആക്രമണത്തിൽ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. ആക്രമണം നടന്ന സമയത്ത് സൈനികർ ബങ്കറുകളിലായിരുന്നു എന്നും അമേരിക്ക പറയുന്നുണ്ട്.

30 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ പ്രയോഗിച്ചതെന്നാണ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് 15 എണ്ണമേയുള്ളൂവന്നു മറ്റൊരു ഇറാനിയൻ മാദ്ധ്യമം പറയുന്നു. ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലുള്ള സൈനിക കേന്ദ്രങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ജനുവരി മൂന്നിന് ഇറാനിയൻ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവൻ ഖാസിം സൊലൈമാനി ഉൾപ്പെടെയുള്ളവരെ ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.