crime-

കൊച്ചി: ആൺസുഹൃത്ത് കൊലപ്പെടുത്തിയ കലൂർ‌ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തുകളേറ്റ നിലയാണ് മൃതദേഹം. അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുമായി കാറിൽ മലക്കപ്പാറയിലെത്തി കൊല നടത്തിയെന്നായിരുന്നു സഫർ ഷായുടെ മൊഴി. സൗഹൃദം തുടരാൻ പെൺകുട്ടി വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണം.

കലൂർ ഭാഗത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറിൽ പെൺകുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ ലഭിച്ചതിനെ തുടർന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തി. ഇതിനിടെ മലക്കപ്പാറയിൽ വച്ച് പെൺകുട്ടിയും യുവാവും കാറിൽ പോകുന്നതു കണ്ടെന്നു വിവരം ലഭിച്ചു.

തുടർന്ന് തമിഴ്‌നാട് പൊലീസിനെ വിവരമറിയിച്ചു. മലക്കപ്പാറയിൽ നിന്നു കാർ തമിഴ്‌നാട്ടിൽ എത്തിയപ്പോൾ അവിടെ ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചുവെന്നു മൊഴി നൽകി.