sabarimala

ശബരിമല: ആചാരങ്ങൾ പരിഗണിച്ചേ ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടെടുക്കുവെന്ന ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണച്ചേ സുപ്രീം കോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.

ശബരിമലയിൽ യുവതീപ്രവേശമാകാമെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ പിണറായി സർക്കാരിന്റെ വാദം. എന്നാൽ എ.പദ്‌മകുമാറിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബോർഡ് ആദ്യഘട്ടത്തിൽ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്‌തു. യുവതീപ്രവേശ വിഷയത്തിൽ പുനഃപരശോധനാ ഹർജി പരിഗണിക്കവെയാണ് സർക്കാരിനൊപ്പം ചേർന്നത്.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പാഠം പഠിച്ച സർക്കാർ ശബരിമല വിഷയത്തിൽ ഇത്തവണ പരമാവധി അയഞ്ഞിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞതവണ ഉത്സുകരായിരുന്ന പൊലീസ് തന്നെയാണ് ഇത്തവണ ദർശനത്തിനെത്തുന്ന യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും.