iran-

ടെഹ്റാൻ: ഇറാഖിലെ അമേരിക്കൻ സൈനികതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. ഇറാൻ ഖുദ്സ് ഫോഴ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിൽ പ്രതികാരമായിട്ടാണ് ഇറാൻ വീണ്ടും ആക്രമണം ആരംഭിച്ചത്. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ ഇറാന്‍ മിസൈൽ ആക്രമണം നടത്തിയതോടെ അമേരിക്ക എതു തരത്തിലുള്ള തിരിച്ചടി നൽകുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്രുനോക്കുന്നത്. എന്നാൽ അമേരിക്ക തിരിച്ചടിച്ചാൽ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ.

ഇർബിലിലും അൽ അസദിലും നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായ യു.എസ് തങ്ങളെ ആക്രമിച്ചാൽ ദുബായിയേയും ഇസ്രയേലിനേയും അക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പും ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാൻ റവല്യൂഷണറി ഗാർഡ് ആണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. റവല്യൂഷണറി ഗാർഡിന്റെ ഭീഷണി ഇറാന്റെ ഔദ്യോഗിക വാർത്താ എജൻസിയായ ഐ.ആർ.എൻ.എ ആണ് പുറത്ത് വിട്ടത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ ഈ ഭീഷണി ആവർത്തിക്കുകയും ചെയ്യുന്നുണ്ട്‌.

അതേസമയം, ഇറാഖിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അത്യാവശ്യമില്ലാതെ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്ന് മറ്റു രാജ്യങ്ങളലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. ഇറാഖ്- ഇറാൻ വ്യോമപാത ഉപയോഗിക്കരുതെന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു.

ഇതിനിടെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യുദ്ധകാഹളം മുഴക്കി ഇറാൻ വീണ്ടും രംഗത്തെത്തിയതോടെ ഭീതിയോടെയാണ് ലോകരാജ്യങ്ങൾ സംഭവത്തെ നോക്കിക്കാണുന്നത്. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് അമേരിക്കൻ യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.