മുംബയ്: ആക്‌സിസ് ബാങ്കിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കിടയിൽ രാജിവച്ചത് 15,000 ജീവനക്കാർ. മിഡ് ബ്രാഞ്ച് ലെവൽ എക്‌സിക്യുട്ടീവുകളടക്കം രാജിവച്ചിട്ടുണ്ട്. ഇതിൽത്തന്നെ ഉന്നതസ്ഥാനത്തുള്ളവരും ഉൾപ്പെടുന്നു. പുതുതായി ബാങ്ക് മാനേജ്മെന്റ് മുന്നോട്ടുവച്ച വളർച്ചാലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കാത്തതാണ് ജീവനക്കാർ രാജിവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബ്രാഞ്ചുകളിൽ നിന്നുമാണ് കൂടുതൽ പേർ രാജിവച്ചത്. ബാങ്ക് പ്രവർത്തനത്തിൽ പുതിയ മാനേജ്മെന്റ് ചില മാറ്റങ്ങൾ ഈയടുത്ത് വരുത്തിയിരുന്നു. ഇത് പല ജീവനക്കാരിലും ജോലിയിൽ അസ്വസ്ഥതയുണ്ടാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരുടെ രാജിക്കാര്യത്തിൽ റെക്കോർഡുകൾ കടന്നെന്ന് ആക്സിസ് ബാങ്ക് തന്നെ സമ്മതിച്ചിട്ടുണ്ട്.
അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 28,000 പേരെ പുതിയതായി നിയമിച്ചതായി ബാങ്ക് അറിയിച്ചു. അവസാന പാദത്തില്‍ 4000 പേരെക്കൂടി ജോലിക്കെടുക്കാനും പദ്ധതിയുണ്ട്. ഈ സാമ്പത്തിക വർഷം 12,800 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 30,000പേരെ അധികമായി നിയമിക്കുമെന്നും കമ്പനി പറയുന്നു. നിലവില്‍ 72,000 ജീവനക്കാരാണ് ബാങ്കിലുള്ളത്.
ആക്സിസ് ബാങ്കിന്‍റെ പുതിയ മാനേജിംഗ് ഡയറക്ടറായും സി.ഇ.ഒ ആയും അമിതാഭ് ചൗധരി ഈ മാസം ആദ്യമാണ് ചുമതലയേറ്റത്. കഴിഞ്ഞ സെപ്തംബറിലാണ് ശിഖ ശര്‍മയുടെ പിന്‍ഗാമിയായി അമിതാഭ് ചൗധരിയെ നിയമിക്കാന്‍ ബാങ്ക് തീരുമാനമെടുത്തത്.