ayathullah

ടെഹ്‌റാൻ: ഇറാഖിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് മേൽ ഇറാൻ നടത്തിയ ആക്രമങ്ങളിൽ പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമെനെയ്. ഇറാൻ പ്രതികാരം ആരംഭിച്ചുവെന്നും അമേരിക്കൻ സൈനിക താവളങ്ങൾക്ക് മേൽ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ വിജയകരമായിരുന്നുവെന്നും ഖമെനെയ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കയുടെ മുഖത്താണ് തങ്ങൾ പ്രഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത് ഇതുകൊണ്ട് മതിയാകില്ലെന്നും അമേരിക്കയെ നേരിടാൻ ഇറാൻ സജ്ജമാണെന്നും ഖമെനെയ് വ്യക്തമാക്കി. പ്രദേശത്തുള്ള 'ദുഷിച്ച' അമേരിക്കൻ സാന്നിദ്ധ്യം അവസാനിക്കേണ്ട സമയമായെന്നും ഖമെനെയ് ചൂണ്ടിക്കാട്ടി. അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ രഹസ്യസേനാ തലവൻ ഖാസിം സൊലൈമാനി, 'ധീരനും, മഹാനുമായ യോദ്ധാവാണെ'ന്നും അദ്ദേഹം നമ്മുടെയെല്ലാം സുഹൃത്തായിരുന്നുവെന്നും അദ്ദേഹം ഇറാനിയൻ ജനതയോടായി പറഞ്ഞു.

രണ്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്നാണ് വാർത്തകൾ വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാദ്ധ്യമമായ 'അൽ ജസീറ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്.

എന്നാൽ ആക്രമണത്തിൽ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. 30 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ പ്രയോഗിച്ചതെന്നാണ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

ജനുവരി മൂന്നിന് ഇറാനിയൻ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവൻ ഖാസിം സൊലൈമാനി ഉൾപ്പെടെയുള്ളവരെ ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനിലെ ഒരു ദേശീയ വാർത്താ ചാനലിലാണ് ഇത് സംബന്ധിച്ചുള്ള വാർത്ത വന്നത്. കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാനായി അമേരിക്ക തങ്ങളുടെ സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും ഇറാൻ പറയുന്നു.