iran-

ബാഗ്‌ദാദ്: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി രൂക്ഷമാക്കി ഇറാക്കിലെ അമേരിക്കൻ സേനയുടെ രണ്ട് വ്യോമത്താവളങ്ങളിൽ ഇറാൻ ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 80 അമേരിക്കൻ 'ഭീകരരെ' (സൈനികരെ) വധിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണം സ്ഥിരീകരിച്ചെങ്കിലും തങ്ങളുടെ ഭടന്മാരെ വധിച്ചെന്ന റിപ്പോർട്ട് അമേരിക്ക നിഷേധിച്ചു.

അമേരിക്ക വധിച്ച ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്കം ചൊവ്വാഴ്ച രാത്രി ഇറാക്കിൽ പൂർത്തിയായതിന് പിന്നാലെയായിരുന്നു ആക്രമണം. പശ്ചിമ ബാഗ്ദാദിലെ അൽ അസദ്, എർബിൽ വ്യോമത്താവളങ്ങളിൽ ചൊവ്വാഴ്‌ച രാത്രി 1.30നും 2.45നും ഇടയിൽ ഇറാനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തുരുതുരാ പതിക്കുകയായിരുന്നു.

ഇറാക്കിൽ വിദേശ സേനകളുടെ ഏറ്റവും വലിയ കേന്ദ്രമാണ് ഐൻ അൽ അസദ് വ്യോമത്താവളം. ഇവിടെ മൂന്ന് തവണയായായിരുന്നു ആക്രമണം. അമേരിക്കൻ സൈന്യം തങ്ങുന്ന അൽ അസദ് വ്യോമത്താവളവും അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സൈനികർ തങ്ങുന്ന എർബിലിലെ താവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകൾ വർഷിച്ചതായി പെന്റഗൺ സ്ഥിരീകരിച്ചു. അസദ് താവളത്തിൽ 30 മിസൈലുകൾ പ്രയോഗിച്ചെന്നാണ് ഇറാൻ റവലൂഷണറി ഗാർഡ്‌സിന്റെ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം 22 മിസൈലുകൾ പ്രയോഗിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്‌തു. ആധുനിക മിസൈൽ വേധ സംവിധാനങ്ങളുള്ള അമേരിക്കയ്‌ക്ക് ഇറാന്റെ ഒറ്റ മിസൈൽ പോലും ചെറുക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

ഖാ​സിം സു​ലൈ​മാ​നിയെ അമേരിക്ക വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

1979ൽ ടെഹ്റാനിലെ യു.എസ് എംബസി പിടിച്ചെടുത്ത ശേഷം ഇറാൻ അമേരിക്കയ്‌ക്കെതിരെ നേരിട്ട് നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.ബാ​ഗ്​​ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെയും സ​ലാ​ഹു​ദ്ദീ​ൻ പ്ര​വി​ശ്യ​യി​ലെ യു.​എസ്​ സേ​നാ താ​വ​ള​ത്തി​നു​ നേ​രെയും ശ​നി​യാ​ഴ്​​ച രാ​ത്രി റോ​ക്ക​റ്റ്​ ആ​ക്ര​മ​ണം നടന്നിരുന്നു.

ഇറാക്കിലെ ഹാഷെദ് അൽ - ഷാബി എന്ന സൈനിക ശൃംഖലയുടെ ഉപമേധാവിയുമായിരുന്നു സുലൈമാനി. ഇറാനോട് കൂറുള്ള ഈ ശൃംഖലയിലെ പല വിഭാഗങ്ങളും ഇറാക്കി സേനയുടെ ഭാഗമായിട്ടുണ്ട്. അതിൽ ഹർക്കത്ത് അൽ നുജബ എന്ന ഗ്രൂപ്പ് കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്ക് നേരെ കടുത്ത ഭീഷണി മുഴക്കിയിരുന്നു. അമേരിക്കൻ ഭടന്മാർ താവളങ്ങളിലേക്ക് മടങ്ങി സ്വന്തം ശവപ്പെട്ടികൾ ഒരുക്കിക്കൊള്ളൂ എന്നായിരുന്നു ഭീഷണി. ഇറാക്കിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ അടുത്തിടെ പതിനഞ്ച് റോക്കറ്റ് ആക്രമണങ്ങൾ നടന്നിരുന്നു.

ഇറാൻ പ്രയോഗിച്ചത്

ക്വിയാം -1, ഫത്തേ- 110 ഹ്രസ്വ ദൂര മിസൈലുകൾ

ക്വിയാം -1ന് 800 കിലോമീറ്റർ പ്രഹരപരിധി

750 പൗണ്ട് ബോംബ് വഹിക്കും

ഫത്തേ -110 ഇറാന്റെ സ്വന്തം മിസൈൽ

 300 കിലോമീറ്റർ പ്രഹര പരിധി

500 പൗണ്ട് ബോംബ് വഹിക്കും

''ഇത് അമേരിക്കയ്‌ക്ക് മറക്കാനാവാത്ത ഒരു പാഠമായിരിക്കും. ഹ്രസ്വദൂര മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അമേരിക്ക ചെയ്യുന്നതിനെല്ലാം അതേ തോതിൽ തിരിച്ചടിക്കും''.

--അമീർ ഹതാമി

ഇറാൻ പ്രതിരോധമന്ത്രി

അമേരിക്കയുടെ മുഖത്തേറ്റ അടി: ഖമനേയി

ഇറാക്കിലെ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചത് അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പറഞ്ഞു. സൈനിക നടപടി പര്യാപ്തമായി കരുതുന്നില്ല. മേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യം അവസാനിപ്പിക്കുകയാണ് പ്രധാനം. അമേരിക്ക ഇവിടം വിട്ടുപോകണം. ആണവ കരാർ സംബന്ധിച്ച് യാതൊരു ചർച്ചയ്‌ക്കും ഇല്ല.

''എല്ലാം നന്നായി പോകുന്നു. ഇറാക്കിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ പ്രയോഗിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. ലോകത്തെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണ്. നാളെ രാവിലെ ഞാൻ പ്രസ്താവന നടത്തും''

-ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ്