വാഷിംഗ്‌ടൺ: ഇറാൻ രഹസ്യസേനയായ 'ഖുദ്സി'ന്റെ തലവൻ ഖാസിം സൊലൈമാനിയെ അമേരിക്ക കരുതിക്കൂട്ടി കൊലപ്പെടുത്തിയതിന് നിരവധി കാരണങ്ങൾ രാജ്യം നിരത്തുന്നുണ്ട്. അമേരിക്കയ്‌ക്കെതിരെ സൊലൈമാനിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ നടന്നിരുന്നു, രാജ്യത്തിനെതിരെ അദ്ദേഹം നിരന്തര ഭീഷണി ഉയർത്തിയിരുന്നു എന്നീ കാരണങ്ങളാണ് സൊലൈമാനിയെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ ഇല്ലാതാക്കിയതിന് അമേരിക്ക കാരണങ്ങളായി നിരത്തുന്നത്. എന്നാൽ സൊലൈമാനി ജീവിച്ചിരിക്കാൻ പാടില്ല എന്ന് അമേരിക്ക തീരുമാനമെടുത്തതിൽ മറ്റൊരു സുപ്രധാന കാരണം കൂടിയുണ്ട്.
നഷ്ടപ്പെട്ട അമേരിക്കൻ അനവധി അമേരിക്കൻ സൈനികരുടെ ജീവനുകളാണ് ആ കാരണം. സൊലൈമാനിയുടെ ആസൂത്രണത്തിൽ നിരവധി അമേരിക്കൻ സൈനികർക്കാണ് സ്വന്തം ജീവനും അവയവങ്ങളും മറ്റുമായി നഷ്ടമായതെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനായി സൊലൈമാനിക്ക് സഹായം നൽകിയത് അമേരിക്കൻ സേനയുടെ പേടിസ്വപ്നമായി ഒരു ഭീകരനായിരുന്നു. 'അല്ലാഹുവിന്റെ കണ്ണ്' എന്ന് അമേരിക്കൻ സേന പേരിട്ട അത്യുഗ്ര പ്രഹരശേഷിയുള്ള ഒരു കുഴിബോംബായിരുന്നു അത്. 'എക്പ്ലോസീവ്‌ലി ഫോംഡ് പെനിട്രേറ്റർ' എന്ന നാമമുള്ള ഇ.എഫ്.പി ആയിരുന്നു ഈ ബോംബ്.
ഇറാനിയൻ സ്‌ഫോടകവസ്‌തു നിർമാണവിദഗ്ദർ നിർമിച്ച്, വേണ്ട പ്രരിശീലനം നൽകി തീവ്രവാദികൾക്ക് കൈമാറിയത്. അമേരിക്കൻ ഭടന്മാർക്കെതിരെ പ്രയോഗിക്കാൻ വേണ്ടി ഇറാൻ നിർമിച്ച് നൽകിയ ഈ മൈനുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് സൊലൈമാനിയുടെ തലച്ചോറായിരുന്നു. അമേരിക്കൻ സൈനികർക്കെതിരെ പ്രയോഗിക്കാനുള്ള വജ്രായുധം ലഭിച്ച ഭീകരർ പിന്നീട് കവർന്നത് നിരവധി അമേരിക്കൻ ജീവനുകളും. അനവധി പേരെ അംഗപരിമിതരാക്കാനും 'അല്ലാഹുവിന്റെ കണ്ണി'ന് സാധിച്ചു. സൈനികരെ മാത്രമല്ല അമേരിക്കയുടെ ആയുധശേഷിയെയും ഈ കുഴിബോംബുകൾ കാര്യമായി ബാധിച്ചിരുന്നു.
അമേരിക്കയുടെ ബില്ല്യൺ ഡോളർ വിലയുള്ള കവചിത വാഹനങ്ങളെയും ഹമ്മറുകളെയും ഈ കുഴിബോംബ് എത്തിച്ചത് ആക്രിക്കടകളിലേക്കായിരുന്നു. പുൽവാമയിൽ 40 ബി.എസ്.എഫ് ജവാന്മാരുടെ ജീവനെടുക്കാൻ ഭീകരർ ഉപയോഗപ്പെടുത്തിയ ഐ.ഇ.ഡി(ഇമ്പ്രോവൈസ്ഡ് ഏക്സ്‌പ്ലോസീവ് ഡിവൈസ്) എന്ന ബോംബുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. സമാനതകളുണ്ടെങ്കിലും പ്രഹരശേഷിയിൽ ഇ.എഫ്.പി ഐ.ഇ.ഡിയുടെ വല്യേട്ടനായി വരും.
ഐ.ഇ.ഡിയെക്കാൾ പത്തിരട്ടിയാണ് ഈ ബോംബിന്റെ കരുത്ത്. നൂറുകണക്കിന് അമേരിക്കൻ ജീവനുകൾ, പടക്കോപ്പുകൾ, വാഹനങ്ങൾ എന്നിവ ഇല്ലാതാക്കാൻ സഹായിച്ച സൊലൈമാനിയെ എല്ലാ ഭീഷണികളും അവഗണിച്ചുകൊണ്ട് , റിസ്കുകൾ എടുത്തുകൊണ്ട്, കൊലപ്പെടുത്താൻ അമേരിക്കയ്ക്ക് പ്രേരണയായതിൽ ഈ ആയുധം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.