ടെഹ്റാൻ:176 യാത്രക്കാരും ഒൻപത് ജീവനക്കാരുമായി ഇറാനിൽ നിന്ന് ഉക്രെയിനിലെ കീവിലേക്ക് പറന്നുയർന്ന ബോയിംഗ് 737- 800 വിമാനം തകർന്ന് എല്ലാവരും കൊല്ലപ്പെട്ടു.
ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6.12 ന് ടേക്കോഫ് ചെയ്‌ത ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം 6.22 ഒാടെയാണ് തകർന്നത്. ഒരു മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടമുണ്ടാക്കിയതെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
മരിച്ച 82 പേരും ഇറാൻകാരാണ്. കാനഡ (63), ഉക്രെയിൻ (11), സ്വീഡൻ (10), അഫ്ഗാനിസ്ഥാൻ (4), ജർമ്മനി (3), ബ്രിട്ടൻ (4) എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. വിമാനത്തിൽ തീ പിടിച്ചത് രക്ഷാപ്രവർത്തനം തടസപ്പെടുത്തി.
വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയിട്ടുണ്ട്. നാല് വർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം. അപകടം സാങ്കേതിക തകരാർ മൂലമോ, ഭീകരാക്രമണമോ മിസൈൽ ആക്രമണമോ ആയിരിക്കാമെന്ന് ഇറാനിലെ ഉക്രെയിൻ എംബസി പ്രസ്താവിച്ചെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. വിമാനജീവനക്കാർ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരന്തത്തിന്റെ സാദ്ധ്യതകൾ
ബുധനാഴ്ച പുലർച്ചെ ഇറാക്കിലെ യു.എസ് വ്യോമത്താവളങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയായിരുന്നു വിമാനദുരന്തം. യു.എസ് -ഇറാൻ സംഘർഷവും അപകടവുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ട്. എങ്കിലും അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. സംഘർഷ മേഖലയായ ഇറാന്റെ വ്യോമപാത വഴിയുള്ള ഗതാഗതം തിരിച്ച് വിടുമെന്ന് ബ്രിട്ടീഷ് എയർവേയ്സ് അടക്കമുള്ള വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.
സാങ്കേതിക തകരാർ
പൈലറ്റിന്റെ പിഴവ്
ഇറാൻ മിസൈൽ ഇടിച്ചു
മനഃപൂർവം വെടിവച്ചിട്ടു
അട്ടിമറി അല്ലെങ്കിൽ ഭീകരാക്രമണം
ഇന്ത്യ മദ്ധ്യസ്ഥത വഹിക്കണം: ഇറാൻ അംബാസഡർ, ഇറാക്ക് യാത്ര ഒഴിവാക്കണമെന്ന് വിദേശമന്ത്രാലയം
ന്യൂഡൽഹി: ഖാസിം സുലൈമാനിയുടെ വധം ഗൾഫിൽ സൃഷ്ടിച്ച സംഘർഷം പരിഹരിക്കാൻ ഇന്ത്യ മദ്ധ്യസ്ഥത വഹിക്കണമെന്ന് ഡൽഹിയിലെ ഇറാൻ അംബാസഡർ അലി ചെഗെനി ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായും ഇറാനിലെയും ഗൾഫിലെയും യൂറോപ്പിലെയും വിദേശകാര്യ മന്ത്രിമാരുമായും വിഷയം ചർച്ച ചെയ്തെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇറാക്കിലേക്കുള്ള യാത്രകൾ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്ന് വിദേശമന്ത്രാലയം നിർദ്ദേശിച്ചു.
സംഘർഷം ലഘൂകരിക്കാനുള്ള ഇടപെടലുകൾ സ്വാഗതം ചെയ്യുന്നും ലോക സമാധാനം നിലനിറുത്താൻ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടെന്നും ചെഗെനി പറഞ്ഞു. ഇറാനുമായി ഇന്ത്യയ്ക്കുള്ള സൗഹൃദം മദ്ധ്യസ്ഥതയ്ക്ക് പ്രയോജനപ്പെടും. യുദ്ധമല്ല, സമാധാനവും സഹവർത്തിത്വവുമാണ് ഇറാൻ ആഗ്രഹിക്കുന്നത്. സുലൈമാനിയുടെ വധത്തിന് തിരിച്ചടിയായി യു.എസ് സൈനിക താവളങ്ങൾ ആക്രമിച്ചത് സ്ഥിരീകരിച്ച അലി അത് ഇറാൻ ജനതയുടെ ആഗ്രഹം നിറവേറ്റലായിരുന്നു എന്നും ചൂണ്ടിക്കാട്ടി.
ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി വിശദമായ ചർച്ച നടത്തിയെന്ന് വി. മുരളീധരൻ പറഞ്ഞു. ജോർദ്ദാൻ, ഒമാൻ, ഖത്തർ, യു.എ. ഇ, ഫ്രാൻസ് വിദേശമന്ത്രിയുമായും ബന്ധപ്പെട്ടു.