പരിസ്ഥിതിക്ക് ദോഷം സൃഷ്ടിക്കാത്ത, വൈദ്യുതി മാത്രം ഇന്ധനമാകുന്ന ഇലക്ട്രിക് കാറുകളെ എല്ലാർക്കും ഇഷ്ടമാണ്. എന്നാൽ ഈ വാഹനങ്ങളുടെ ഉയർന്ന വിലയാണ് ഉപഭോക്താക്കളെ ഇവയിൽ നിന്നും അകറ്റുന്നത്. താഴ്ന്ന വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാണെങ്കിലും കുറഞ്ഞ ചാർജിൽ ഒരു നിശ്ചിത ദൂരം മാത്രം ഓടുന്ന ഇവയെ ഡീസൽ, പെട്രോൾ എന്നിവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം വയ്ക്കാനാകില്ല. എന്നാൽ ഈ സ്ഥിതിക്ക് ഒരു പരിഹാരവുമായി എത്തുകയാണ് ചൈനയിലെ ഗ്രേറ്റ് വാർ മോട്ടോഴ്‌സ്.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനവുമായി ഇന്ത്യയിലേക്ക് എത്തുകയാണ് ഈ വാഹന നിർമാണ കമ്പനി. ഗ്രേറ്റ് വാർ മോട്ടോഴ്സിന്റെ ഉപകമ്പനിയായ 'ഓറ'യാണ് ഈ വാഹനം നിർമ്മിക്കുന്നത്. ചാർജിൽ 351 കിലോമീറ്റർ ദൂരം വരെ താണ്ടുന്ന ഈ വാഹനത്തിന്റെ പേര് 'ഓറ ആർ വൺ' എന്നാണ്. വിലയോ വെറും ആറ് ലക്ഷം രൂപ(59800 യുവാൻ) മാത്രം. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന ഈ വാഹനം അടുത്ത വർഷം ഫെബ്രുവരിയോടെയാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക. ന്യൂ ഡൽഹി ഓട്ടോ എക്സ്പോയിലൂടെയാണ് വാഹനം ഇന്ത്യയിലേക്ക് എത്തുന്നത്.