കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ എസ്.ഐ.ബി സ്‌കോളറിന്റെ നാലാം പതിപ്പിന് തുടക്കമായി. പഠനത്തിൽ മികവ് പുലർത്തിയിട്ടും പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളാൽ പ്രയാസപ്പെടുന്ന സമർത്ഥരായ കുട്ടികൾക്ക് ഉപരിപഠനത്തിന് സഹായിക്കുന്ന പദ്ധതിയാണിത്.
തൃശൂരിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു എസ്.ഐ.ബി സ്‌കോളർ നാലാംപതിപ്പിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്ര് വിതരണവും നിർവഹിച്ചു. ഇ.വി.പി (ഓപ്പറേഷൻസ്) കെ. തോമസ് ജോസഫ്, ഇ.വി.പി (ക്രെഡിറ്ര്) ജി. ശിവകുമാർ എന്നിവർ സംബന്ധിച്ചു. സർക്കാർ സ്‌കൂളുകളിൽ പഠിച്ച്, 85 ശതമാനം മാർക്കോടെ പ്ളസ്ടു പാസായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കൂടുകയുമരുത്.
2016ൽ ആരംഭിച്ച പദ്ധതി, 2017ലും 2018ലും നടത്തി. ഇതുവരെ 169 പേർക്ക് സ്‌കോളർഷിപ്പ് നൽകി. പരീക്ഷ, ട്യൂഷൻ ഫീസുകൾ നൽകുന്നതിന് പുറമേ കോഴ്‌സ് തീരുന്നതുവരെ പ്രതിമാസം 4,000 രൂപ അലവൻസായി ഓരോ കുട്ടിക്കും ലഭിക്കും. ഓരോ കോഴ്‌സിനും സർക്കാർ അംഗീകരിച്ച ഫീസ് ഘടനയാണ് പരിഗണിക്കുന്നത്. എസ്.ഐ.ബി സ്‌കോളർ നാലാം പതിപ്പിൽ കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും 10 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ആകെ 140 പുതിയ ഗുണഭോക്താക്കൾ. ഇതോടെ, സ്‌കോളർഷിപ്പ് ലഭിക്കുന്ന മൊത്തം കുട്ടികളുടെ എണ്ണം 309 ആകും.
കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ ഗണിതത്തിനും ഇക്കണോമിക്‌സിനും 2019ൽ ഒന്നാംറാങ്ക് ലഭിച്ചത് എസ്.ഐ.ബി. സ്‌കോളറിന്റെ ആദ്യ പതിപ്പിലെ രണ്ടു കുട്ടികൾക്കായിരുന്നു. എം.ജി. യൂണിവേഴ്‌സിറ്രിൽ ബി.എസ്‌സി ബോട്ടണിയിൽ 2019ൽ മൂന്നാംറാങ്കും ഇതേ പതിപ്പിലെ വിദ്യാർത്ഥിനിക്കായിരുന്നു. ബി.എസ്‌സി., ബി.കോം, ബി.ബി.എ., ബി.ടെക്, എം.ബി.ബി.എസ്., ബി.എസ്‌സി നഴ്‌സിംഗ്, ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ് തുടങ്ങിയ കോഴ്‌സുകളിൽ ഉപരിപഠനത്തിനാണ് സഹായം നൽകുന്നത്.