തീവ്ര മതവിശ്വാസികളാണ് ഏറ്റവും വലിയ അപകടം സൃഷ്ടിക്കുന്നതെന്ന പ്രസ്താവനയുമായി ബോളിവുഡ് നടൻ ജോൺ എബ്രഹാം. കർമസൂത്ര എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ വച്ചാണ് താരം തന്റെ നിലപാടുകൾ പരസ്യമാക്കിയത്. മതത്തിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലതെന്നും ജോൺ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഒരു മതത്തെ പിന്തുടരാൻ ചെറുപ്പത്തിൽപോലും താൻ നിര്ബന്ധിതനായിട്ടില്ല എന്നും അദ്ദേഹം തുറന്നു പറയുന്നു. തനിക്ക് നാല് വയസുള്ളപ്പോൾ ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് തന്റെ അച്ഛന്‍ പറഞ്ഞു തന്നു. അമ്പലത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പ്രാർത്ഥിക്കണമെന്നുണ്ടെങ്കിൽ മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. നടൻ പറയുന്നു.
'നല്ല മനുഷ്യനാകാൻ വേണ്ടി ആരാധനാലയങ്ങളിൽ പോകേണ്ട. അതിനായി നല്ലത് ചെയ്‌താൽ മാത്രം മതി. ഞാൻ പറയുന്നത് തെറ്റായിരിക്കും. ചിലപ്പോൾ ഇത് വലിയ വിവാദങ്ങൽക്ക് കാരണമായേക്കാം. പക്ഷേ ഞാൻ വിചാരിക്കുന്നത് മതത്തിൽ തീവ്രമായി വിശ്വസിക്കുന്നവരാണ് ഏറ്റവും അപകടകാരികളായ ആളുകലെന്നാണ്. മതത്തിൽ നിന്ന് നീങ്ങി നിൽക്കുക എന്നതാണ് നല്ലകാര്യം. മത തത്വങ്ങൾ ജീവിത്തതിൽ പിന്തുടരുക. ചില കാര്യങ്ങൾ പിന്തുടരുന്നത് നല്ലത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ ജീവജാലങ്ങളോട് നന്നായി പെരുമാറുക എന്നതാണ്' ജോൺ എബ്രഹാം പറയുന്നു.