ascend-kerala

കൊച്ചി: സംസ്‌ഥാന സർക്കാർ സംഘടിപ്പിക്കുന്ന അസെൻഡ് കേരള ദ്വിദിന നിക്ഷേപക സംഗമത്തിന് ഇന്ന് ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ,​ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,​ വ്യവസായ പ്രമുഖ തുടങ്ങിയവർ ഇന്നും നാളെയുമായി നടക്കുന്ന സംഗമത്തിന്റെ വിവിധ സെഷനുകളിൽ സംസാരിക്കും.

ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നായി 2,​000ലേറെ പേരാണ് സംഗമത്തിൽ സംബന്ധിക്കുന്നത്. 100 കോടി രൂപയിലേറെ ചെലവുള്ള 18 മെഗാ പദ്ധതികളുൾപ്പെടെ 100ലേറെ വ്യവസായ പദ്ധതികൾ സംഗമത്തിലൂടെ സർക്കാർ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കും. പദ്ധതികൾക്കായി 2,​000 ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യം,​ പെട്രോകെമിക്കൽ,​ പ്രതിരോധം,​ കാർഷികം,​ ഭക്ഷ്യസംസ്‌കരണം,​ ഇലക്ട്രോണിക്‌സ്,​ തുറമുഖങ്ങൾ,​ വിനോദസഞ്ചായം തുടങ്ങിയ മേഖലകളിനൂന്നിയ പദ്ധതികളാണിവ.

ഗതാഗതം,​ മത്സ്യബന്ധനം,​ ജൈവശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ പദ്ധതികളുമുണ്ട്. വ്യവസായ പാർക്കുകൾ,​ ലോജിസ്‌റ്രിക്‌സ്,​ എം.എസ്.എം.ഇ.,​ ഗതാഗത വികസനവും ഇലക്‌ട്രിക് വാഹനങ്ങളും,​ ആയുർവേദം,​ ടൂറിസം,​ ജീവശാസ്ത്രം,​ ഭക്ഷ്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുക.

കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതിയായ 'സിൽവർ ലൈനിന്റെ" അവതരണം അസെൻഡ് കേരളയിൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ വി. അജിത് കുമാർ നിർവഹിക്കും. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതിയുണ്ട്. കൊച്ചുവേളിയിൽ നിന്ന് നാലു മണിക്കൂർ കൊണ്ട് കാസർഗോഡ് എത്തുന്ന പദ്ധതിയാണിത്. പദ്ധതിച്ചെലവ് 66,​405 കോടി രൂപ. 11,​000 പേർക്ക് തൊഴിലും ലഭിക്കും.