ടെഹ്‌റാൻ: ഉക്രയ്ൻ എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അമേരിക്കയ്ക്കോ വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിംഗിനോ കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ വ്യക്തമാക്കിയതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശോധനയ്ക്കായി ഇവ ഏത് രാജ്യത്തേക്കാവും അയയ്ക്കുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമപ്രകാരം അപകടം നടന്നത് ഏത് രാജ്യത്തുവച്ചാണോ ആ രാജ്യത്തിനാവും അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക എന്നീ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ബ്ലാക്ക് ബോക്‌സിലെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സൗകര്യമുള്ളതെന്നും റിപ്പോർട്ടിലുണ്ട്.