ദുബായ്: യു.എ.ഇയ്ക്ക് ഇനി പുതിയ ലോഗോ. ലോഗോ ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ചു. അടുത്ത അമ്പത് വർഷത്തേക്ക് ഈ ലോഗോയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. 49 എമിറേറ്റ്സ് കലാകാരന്മാർ ചേർന്ന് രൂപം നൽകിയ ലോഗോകളിൽ മൂന്നെണ്ണമാണ് അവസാനഘട്ടത്തിലെത്തിയത്. ഇതിൽ നിന്നും ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഏഴ് വരയുള്ള ലോഗോ ആണ് തിരഞ്ഞെടുത്തത്. ലോഗോ തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്കും ഓൺലൈൻ വോട്ടിംഗിനുള്ള അവസരമുണ്ടായിരുന്നു. ഒരു കോടിയോളം ആളുകൾ വോട്ടെടുപ്പിൽ പങ്കെടുത്തു.
ഓരോ വോട്ടിനും ഓരോ മരം നടുമെന്നും ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ലോഗോ അവതരിപ്പിച്ചുകൊണ്ട് ദുബായ് ഭരണാധികാരി വ്യക്തമാക്കി.