കൊച്ചി: ആഭരണ പ്രേമികളെ നിരാശരാക്കി സ്വർണവില ഇന്നലെ പുതിയ ഉയരം കുറിച്ചു. സംസ്ഥാനത്ത് പവൻ വില 520 രൂപ വർദ്ധിച്ച് 30,400 രൂപയായി. ഗ്രാമിന് 65 രൂപ ഉയർന്ന് വില 3,800 രൂപയിലെത്തി.
അമേരിക്ക-ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന പ്രതീതിയിൽ എത്തിയതോടെ, ഓഹരി വിപണികൾ തളരുന്നതും നിക്ഷേപകർ സ്വർണത്തിലേക്ക് ചേക്കേറുന്നതുമാണ് വിലക്കയറ്റത്തിന് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് ഇന്നലെ ഏഴുവർഷത്തെ ഉയരമായ 1,610.90 ഡോളറിലെത്തി. ന്യൂഡൽഹി ബുളള്യൻ വിപണിയിൽ പത്തു ഗ്രാമിന് 615 രൂപ വർദ്ധിച്ച് വില സർവകാല റെക്കാഡായ 41,278 രൂപയായി.
കേരളത്തിൽ പവന് ഈമാസം ഇതുവരെ 1,400 രൂപയും ഒരുമാസത്തിനിടെ 2,400 രൂപയും കൂടി. ഗ്രാമിന് 175 രൂപയാണ് ഈമാസം കൂടിയത്; ഒരുമാസത്തിനിടെ 300 രൂപയും.