കൊച്ചി: യൂകോ ബാങ്ക് 78-ാമത് സ്ഥാപക ദിനവും സ്ഥാപകനായ ജി.ഡി. ബിർളയുടെ 125-ാമത് ജന്മദിനവും ആഘോഷിച്ചു. കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ.പി. പത്മകുമാർ, 'ഇന്ത്യൻ സാമ്പത്തികരംഗം 5 ട്രില്യൺ ഡോളറിലേക്ക്" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
മഹാത്മഗാന്ധിയുടെ ദർശനങ്ങൾ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ 1943ൽ കൊൽക്കത്തയിലാണ് യൂകോ ബാങ്കിന്റെ തുടക്കം. ഇന്ന് രാജ്യവ്യാപകമായി ശാഖകളുണ്ട്. 2019 ഡിസംബർ 31ൽ ബാങ്കിന്റെ നിക്ഷേപ - വായ്‌പാ അനുപാതം 235 ശതമാനമാണ്. കേരളത്തിലെ മറ്റു ബാങ്കുകളേക്കാൾ ഏറെ വലുതാണിതെന്ന് യൂകോ ബാങ്ക് കേരള സോണൽ മാനേജർ എം. വീരഭദ്രം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാൻ ഉപഭോക്തൃ സൗഹൃദമായ പദ്ധതികൾ ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. കർഷക സ്വയംസഹായ സഹകരണ സംഘങ്ങൾ, മത്സ്യബന്ധനം, കശുവണ്ടി വ്യവസായം എന്നീ മേഖലകൾക്കുള്ള വിവിധ പദ്ധതികൾക്കും അടൽ പെൻഷൻ യോജന പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നും എം. വീരഭദ്രം പറഞ്ഞു.