iran-

ബാഗ്ദാദ്: ഇറാഖിലെ യു.എസ് സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്.

ഇറാഖിന്റെ പരമാധികാരത്തിന് മേൽ ഇറാൻ തുടർച്ചയായി കടന്നുകയറുന്നതിനെ എതിർക്കുന്നതായും ഇറാഖ് പ്രസിഡന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

യു..എസ് സൈനികത്താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെ നടപടിയെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് രംഗത്തെത്തിയത്.

ഇറാൻ ഖുദ്‌സ് ഫോഴ്‌സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യു.എസ് സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ 80 യു.എസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യൻ സമയം ഇന്ന് രാത്രി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ പ്രതികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രി 9.30 ഓടെയാകും ട്രംപ് ഇറാന്‍ വിഷയത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.