uk-

ലഹരിമരുന്ന് നൽകി നൂറിലധികം പുരുഷൻമാരെ ലൈംഗികമായി പീഡിപ്പിച്ച വിദ്യാർത്ഥിയിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകൾ. ഇന്തോനേഷ്യൻ സ്വദേശിയായ വിദ്യാർ‌ത്ഥി റെയ്ൻഹാർഡ് സിനാഗയെയാണ് പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.. ഇയാളുടെ താമസസ്ഥലത്ത് നിന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് കണ്ടെത്തിയത് 3.2 ടിബി വരുന്ന ദൃശ്യങ്ങൾ.

പീഡനത്തിന് ഇരയായവരിൽ പലരും അത്തരമൊരു കാര്യം നടന്നതായി അറിയില്ലായിരുന്നു. വർഷങ്ങൾക്കു ശേഷം ഇയാളെ പിടികൂടി പൊലീസ് എത്തി വിവരം പറയുമ്പോഴാണ് പീഡനവിവരം അറിയുന്നത്. പീഡനം നടക്കുമ്പോൾ പലരും അമിതമായ ലഹരിക്ക് അടിമയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതി റെയ്ൻഹാർഡ് സിനാഗയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഏറ്റവും കുറഞ്ഞത് 20 വർഷവും കൂടിയത് 30 വർഷവുമാണ് ശിക്ഷ. ഇയാൾ 195 ഓളം പേരെ ആക്രമിച്ചിരിക്കാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. താമസിക്കാനോ മദ്യം കഴിക്കാനോ സ്ഥലം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആളുകളെ പീഡിപ്പിച്ചിരുന്നത്.

24ാം വയസിലാണ് ഇന്തൊനീഷ്യയിലെ ജാംബി പ്രവശ്യയിൽ നിന്നുള്ള സിനാഗ യു.കെയിലേക്ക് 2007ൽ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്നത്. ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത് തെരുവുകളിൽ നിന്നും നിശാ ക്ലബുകളിൽ നിന്നുമായിരുന്നുവെന്നാണ് കോടതി പറയുന്നത്. ക്ലബുകളിൽ നിന്നും പുറത്താക്കപ്പെട്ടവർ, തിരികെ വീട്ടിലേക്കുപോകാൻ ടാക്സിപിടിക്കാൻ പണമില്ലാത്തവർ തുടങ്ങിയവർ ആയിരുന്നു ഇയാളുടെ ഇരകൾ. പുഞ്ചിരിച്ച് എത്തുന്ന സിനാഗ ഒറ്റനോട്ടത്തിൽ മാന്യനായ യുവാവ് ആയിരുന്നു. കൂടുതൽ മദ്യപിക്കാനും ഉറങ്ങാനും തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ഇരകളെ അവിടെ എത്തിക്കുകയുമായിരുന്നു പതിവ്. ആദ്യം മദ്യം നൽകുകയും പിന്നീട് ലഹരി മരുന്ന് നൽകി അബോധാവസ്ഥയിൽ ആക്കുകയുമായിരുന്നു പതിവ്. പലരും പീഡനം അറിഞ്ഞിരുന്നില്ല. എന്നാൽ, പീഡനത്തിന് ഇരയായ ഒരാൾ ഇടയ്ക്ക് എണീക്കുകയും ഇയാളെ പിടിക്കുകയുമായിരുന്നു. തുടർന്ന് പരാതി നൽകി.

സിനാഗ പേരിൽ 159 കുറ്റകൃത്യങ്ങളാണ്പ്രോസിക്യൂഷൻ ആരോപിച്ചത്. ഇതിൽ 136 പീഡനങ്ങളും എട്ട് പീഡനശ്രമവും ഉൾപ്പെടും. 2018 ജൂണിൽ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. 2007 ൽ ബ്രിട്ടനിലേക്ക് മാറിയതിനുശേഷം സിനാഗ കൂടുതൽ പുരുഷന്മാരെ ആക്രമിച്ചതായി സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയെ പുറത്തുവിടുന്നത് സുരക്ഷിതമല്ലെന്നാണ് വിധിപ്രസ്താവിച്ച് ജഡ്ജി വ്യക്തമാക്കിയത്.