വാഷിംഗ്ടൺ: ഇറാൻ നടത്തിയ ആക്രമണത്തിൽ യു.എസ്, ഇറാഖ് സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന് ഒരു കാലത്തും ആണവായുധങ്ങൾ ഉണ്ടാകാൻ അനുവധിക്കില്ലെന്നും ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ തീവ്രവാദത്തിന്റെ സ്പോൺസറാണ്. തീവ്രവാദികൾക്കുള്ള പിന്തുണ ഇറാൻ പിൻവലിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇറാന്റെ ആക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചു. ഇറാഖിലുള്ള എല്ലാ അമേരിക്കൻ പട്ടാളക്കാരും സുരക്ഷിതരാണെന്നും മിലിട്ടറി ബേസിൽ നിസാരമായ നഷ്ടം ഉണ്ടായെന്നും ട്രംപ് കൂട്ടിച്ചേർത്തു. സുലൈമാനി തീവ്രവാദികൾക്ക് പരിശീലനം നൽകിയിരുന്ന ആളാണ്. സുലൈമാനിയുടെ വധത്തിലൂടെ ലോകത്തിന് നൽകിയത് ശക്തമായ സന്ദേശമാണ്. സൈനിക തലവനെന്ന നിലയിൽ സുലൈമാനി പല ആക്രമണങ്ങൾക്കും മുഖ്യകാരണക്കാരനായിരുന്നു. അയാൾ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദികളെ പരിശീലിപ്പിച്ചു. സാധാരണക്കാർക്ക് നേരെ തീവ്രവാദികളെ വഴിതിരിച്ചുവിട്ടെന്നും ട്രംപ് പറഞ്ഞു.
നയങ്ങളിൽ മാറ്റം വരുത്തുന്നത് വരെ ഇറാനെതിരായ ഉപരോധം തുടരും . ഇറാൻ ആണവ പദ്ധതികൾ പൂർണമായും ഒഴിവാക്കണം. തീവ്രവാദികൾക്കുള്ള പിന്തുണ പിൻവലിക്കണം. ബ്രിട്ടനും ജർമ്മനിയും ഫ്രാൻസും സാഹചര്യം മനസ്സിലാക്കണം. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് ഈ രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.