വാഷിംഗടൺ:ഇറാനെ ആണവായുധം ഉണ്ടാക്കാൻ ഒരുകാലത്തും അനുവദിക്കില്ലെന്നും നയങ്ങൾ തിരുത്തുന്നതു വരെ ഇറാനെതിരെ ഉപരോധം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഇറാക്കിലെ അമേരിക്കൻ സൈനികത്താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ പറ്റി ഇന്നലെ രാവിലെ വൈറ്റ്ഹൗസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് പരിക്കില്ല. ആക്രമണത്തെ പറ്റി മുൻകൂർ വിവരം ലഭിച്ചിരുന്നു. യു. എസ് താവളങ്ങളിൽ നിസാര നാശങ്ങളേ സംഭവിച്ചുള്ളൂ. മഹത്തായ അമേരിക്കൻ സേന എന്തിനും തയ്യാറാണ്. ഇറാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിൽ സമാധാനം പുലരില്ല. ജനറൽ ഖാസീം സുലൈമാനി ലോകത്താകെ ആഭ്യന്തരയുദ്ധങ്ങൾക്ക് തിരി കൊളുത്തി. അമേരിക്കയുടെ ആയിരക്കണക്കിന് സൈനികരെ അയാൾ കൊലപ്പെടുത്തി. അമേരിക്കയ്‌ക്കെതിരെ അയാൾ കൂടുതൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടു. സുലൈമാനിയെ വധിച്ചത്തോടെ ഇറാൻ തളർന്നിരിക്കയാണ്. അത് ശുഭസൂചകമാണ്.
ഇറാൻ ആണവായുധ മോഹത്തിൽ നിന്ന് പിന്മാറണം. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ബ്രിട്ടനും ജർമ്മനിയും ഫ്രാൻസും പിന്മാറണം. ഭീകരർക്കുള്ള പിന്തുണ ഇറാൻ പിൻവലിക്കണം.