malappuram

ന്യൂഡൽഹി: ലോകത്തിൽ അതിവേഗം വളരുന്ന 10 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് മൂന്ന് നഗരം ഉൾപ്പെട്ടു. മലപ്പുറം, കോഴിക്കോട്, കൊല്ലം. എന്നി നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ.ഐ.യു) നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ മറ്റൊരു റാങ്കിംഗിൽ 2019 ലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ സൂചികയിൽ വിയന്ന ഒന്നാം സ്ഥാനം നേടിയിരുന്നു.

2015–20 കാലയളവിൽ മലപ്പുറത്തിനുണ്ടായ മാറ്റം 44.1 ശതമാനമാണ്. നാലാം സ്ഥാനത്തുള്ള കോഴിക്കോടിന് 34.5%, പത്താം സ്ഥാനത്തുള്ള കൊല്ലത്തിന് 31.1% മാറ്റവുമുണ്ടായെന്നും സർവേയിൽ വ്യക്തമാക്കുന്നു. 30.2% മാറ്റങ്ങളോടെ തൃശൂർ 13–ാം സ്ഥാനത്താണ്. വിയറ്റ്നാമിലെ കന്തോ നഗരമാണ് രണ്ടാമത്– 36.7%. ചൈനയിലെ സുഖ്‌യാൻ (36.6), സുഷോവു (32.5), പുറ്റ്യാൻ (32.2), നൈജീരിയയിലെ അബുജ (34.2), യു.എ.ഇയിലെ ഷാർജ (32.2), ഒമാനിലെ മസ്കത്ത് (31.4) എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ചു. ഇതോടൊപ്പം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ ജനസംഖ്യ കൂടിയ 30-ാമത്തെ നഗരമായി തമിഴ്‌നാട്ടിലെ തിരുപ്പൂർ മാറി.