തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്ക് നഗരത്തിൽ പൂർണം. പണിമുടക്ക് ഫലത്തിൽ കേരളത്തിൽ ഹർത്താലായി മാറി. നഗരവീഥികളെല്ലാം വിജനമായിരുന്നു. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ആട്ടോറിക്ഷ, ടാക്സികൾ എന്നിവയൊന്നും നിരത്തിലിറങ്ങിയില്ല.
അതേസമയം, തമ്പാനൂരിൽ നിന്ന് ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ തടസം കൂടാതെ സർവീസ് നടത്തി. സ്കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊന്നും പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളെയും പണിമുടക്ക് ബാധിച്ചു. സെക്രട്ടേറിയറ്റിൽ ഭരണ-പ്രതിപക്ഷ യൂണിയനുകളിൽ പെട്ട ജീവനക്കാർ ജോലിക്കെത്തിയില്ല. അതേസമയം, ബി.ജെ.പി അനുകൂല സംഘടനയിലെ ജീവനക്കാർ ജോലിക്കെത്തി. തലസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
തമ്പാനൂരിൽ ഇന്നലെ രാവിലെ 7.30ന് പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ഇത് വാക്കേറ്റത്തിനും നേരിയ സംഘർഷത്തിനുമിടയാക്കി. തുടർന്ന് പൊലീസെത്തി സമരാനുകൂലികളെ പിന്തിരിപ്പിച്ചു. ടെക്നോപാർക്കിന് മുന്നിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. 24 മണിക്കൂർ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രിയിൽ ആരംഭിച്ചെങ്കിലും ശരിക്കും പ്രകടമായത് ചൊവ്വാഴ്ച പകലാണ്. രാവിലെ 6ന് ശേഷം ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്.
നഗരത്തിലെ ആശുപത്രികൾ പ്രവർത്തിച്ചെങ്കിലും ഒ.പിയിലടക്കം സാധാരണ പോലെയുള്ള തിരക്ക് കാണാനായില്ല. 'മരണം, വിവാഹം, ആശുപത്രി, എയർപോർട്ട്' എന്നിങ്ങനെ ബോർഡുകളൊട്ടിച്ചാണ് സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കിയത്. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ കാര്യമായ വാഹനം തടയലോ അനിഷ്ട സംഭവങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തില്ല.
തിരക്കൊഴിഞ്ഞ് ചാല
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയിലും കടകളൊന്നും തുറന്നില്ല. പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നെങ്കിലും കടകളെല്ലാം അടഞ്ഞുകിടന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ പച്ചക്കറിയടക്കം ചരക്കുകൾ എത്തിയെങ്കിലും ലോറികൾ പലയിടങ്ങളിലായി പിടിച്ചിടുകയായിരുന്നു. ചാലയിൽ പൂക്കടകൾ മാത്രമാണ് പ്രവർത്തിച്ചത്. പാളയം കണ്ണിമേറ മാർക്കറ്റും വിജനമായിരുന്നു. ജീവനക്കാർ എത്താത്തതിനെ തുടർന്ന് പലയിടങ്ങളിലും ബേക്കറികളും ഹോട്ടലുകളും അടഞ്ഞുകിടന്നു. ഭക്ഷണത്തിനായി കൂടുതൽ പേരും ആശ്രയിച്ചത് റെയിൽവേ കാന്റീനുകളെയാണ്.
പൊതുഗതാഗതം പണി കൊടുത്തു
യാത്രയ്ക്കായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ് പണിമുടക്കിൽ ശരിക്കും വലഞ്ഞത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്താതിരുന്നതോടെ ദൂരസ്ഥലങ്ങളിൽ നിന്ന് നഗരത്തിൽ എത്തിയവർ വലഞ്ഞു.
പൊലീസിന്റെ വാഹനത്തിലും ആംബുലൻസിലും മറ്റുമൊക്കെയായി സ്ത്രീ യാത്രക്കാരെ പൊലീസ് ലക്ഷ്യസ്ഥാനത്തെത്തിച്ചു. പൊലീസ് വാഹനങ്ങളും ആംബുലൻസുകളുമെല്ലാം യാത്രക്കാരെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ രാവിലെ മുതൽ തന്നെ നിരത്തിലുണ്ടായിരുന്നു. ചില സന്നദ്ധ സംഘടനകളും മെഡിക്കൽ കോളേജിലേക്കടക്കം യാത്രാസൗകര്യം ഏർപ്പെടുത്തി.