തിരുവനന്തപുരം: തലസ്ഥാനത്ത് ടെക്നോപാർക്കിൽ ദുബായ് പൊലീസിന്റെ മാതൃകയിലുള്ള അത്യാധുനിക സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ അതിവേഗം മുന്നോട്ട്. സ്മാർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ ടെക്നോപാർക്കിൽ പൊലീസിന് ഭൂമി അനുവദിച്ചു. ഐ.ടി അധിഷ്ഠിത സേവനങ്ങൾ നൽകാനുള്ള സേവന ദാതാവിനെ കണ്ടെത്താനുള്ള നടപടികളും ഉടൻ തുടങ്ങും. ഇതിനായി കൺസൾട്ടന്റിനെ നിയമിക്കും. പ്രാഥമിക ചർച്ചകൾ തുടങ്ങിയെന്നും സ്മാർട്ട് പൊലീസ് സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാവുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ 'സിറ്റികൗമുദി' യോട് പറഞ്ഞു.
ട്രാഫിക് നിയന്ത്രണത്തിനും അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുമടക്കം സംവിധാനങ്ങൾ ഒരുക്കിയാവും ടെക്നോപാർക്കിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കുക. ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്മാർട്ട് സ്റ്റേഷൻ സംസ്ഥാനത്ത് ആദ്യത്തേതാണ്. വിരൽത്തുമ്പിൽ അതിവേഗ സേവനം ലഭിക്കുന്ന സ്മാർട്ട് സ്റ്റേഷനിൽ ഏതുതരം പരാതികളും നേരിട്ട് നൽകാം. ഗതാഗത നിയമലംഘനങ്ങൾക്കടക്കം പിഴയടയ്ക്കാനും സൗകര്യമുണ്ടാവും. പക്ഷേ, ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായിരിക്കും സ്മാർട്ട് സ്റ്റേഷൻ. ലോകത്തെ ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലെ ലാമെർ സ്റ്റേഷന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സ്മാർട്ട് സ്റ്റേഷൻ വരുന്നത്.
എ.ടി.എം കൗണ്ടർ പോലെ ഒരു മുറി മാത്രമുള്ളതാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ. ഇതിനുള്ളിൽ കയറിയാൽ വാതിൽ താനേ അടയും. എ.ടി.എം പോലുള്ള കിയോസ്കിലെ സ്ക്രീനിൽ വിവരങ്ങൾ രേഖപ്പെടുത്താം, സംസാരിക്കാം. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി 24 മണിക്കൂറും സംസാരിക്കാം. സംഭാഷണം സിറ്റി പൊലീസ് ആസ്ഥാനത്ത് റെക്കാഡ് ചെയ്യപ്പെടും. ടെക്നോപാർക്കിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്നതോടെ തലസ്ഥാനത്തെ ടെക്കികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുനൽകാനാവും. തൊഴിൽ സ്ഥലത്തെ പീഡനങ്ങളെക്കുറിച്ചടക്കം പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങാതെയും ഇടനിലക്കാരുടെ സഹായമില്ലാതെയും പരാതിപ്പെടാൻ ടെക്കികൾക്ക് സാധിക്കും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും പരാതികൾ അറിയിക്കാം. രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നവർക്കും വീടുകളിൽ തനിച്ചുള്ളവർക്കും സുരക്ഷ വേണമെന്ന അപേക്ഷയും സ്മാർട്ട് സ്റ്റേഷനിലെ കിയോസ്കിൽ നൽകാനാവും. അടുത്തഘട്ടത്തിൽ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളടക്കം സ്മാർട്ട് സ്റ്റേഷനിൽ ലഭ്യമാക്കും.
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സ്മാർട്ട് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോൾ, ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ എന്നിവരാണ് കേരളത്തിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സഹായം വാഗ്ദാനം ചെയ്തത്. സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സാങ്കേതികസഹായം തേടി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ദുബായിലേക്ക് പോയിരുന്നു. തിരുവനന്തപുരത്ത് സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും സോഫ്റ്റ്വെയർ അടക്കം സാങ്കേതികവിദ്യകൾ പൂർണമായി കേരള പൊലീസിന് കൈമാറാമെന്നും ദുബായ് പൊലീസ് സമ്മതിച്ചു. സ്മാർട്ട് സ്റ്റേഷനാവശ്യമായ സാങ്കേതിക സഹായം നൽകാൻ ദുബായ് പൊലീസിന്റെ സംഘം ഉടൻ തിരുവനന്തപുരത്തെത്തും.
സ്മാർട്ട് പൊലീസ് സ്റ്റേഷനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൺസൾട്ടന്റിനെ ഉടൻ നിയമിക്കും. ടെക്നോപാർക്ക് സ്മാർട്ട് പൊലീസ് സ്റ്റേഷൻ ദുബായിലെ മാതൃകയിലായിരിക്കും. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി