വീണ്ടും മലയാളത്തിൽ രാഷ്ട്രീയ സിനിമകളുടെ കാലം. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള നാലു സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ വൺ, ആസിഫ് അലിയുടെ എല്ലാം ശരിയാകും, അർജുൻ അശോകന്റെ മെമ്പർ രമേശൻ ഒൻപതാം വാർഡ് , അഷ്കർ സൗദാന്റെ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയാണ് ആ ചിത്രങ്ങൾ. രാഷ്ട്രീയ സിനിമയോട് എന്നും മലയാളി പ്രേക്ഷകർ ആഭിമുഖ്യം പുലർത്താറുണ്ട്. െഎ.വി ശശി - ടി. ദാമോദരൻ, ഷാജി കൈലാസ് - രഞ്ജി പണിക്കർ കൂട്ടുകെട്ടുകളിൽ മലയാളത്തിൽ ശക്തമായ രാഷ്ട്രീയ സിനിമകൾ ഉണ്ടായിട്ടുണ്ട്. സി.െഎ.എ, സഖാവ്, ഒരു മെക്സിക്കൻ അപാരത എന്നിവയാണ് സമീപ വർഷങ്ങളിൽ മലയാളത്തിലുണ്ടായ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ.
വലിയ ഇടവേളക്കുശേഷമാണ് മമ്മൂട്ടി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അഭിനയിക്കുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷമാണ് വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക്. അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം വണ്ണാണ്. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകല ആർ. മേനോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സഞ്ജയ് - ബോബി ടീമാണ്. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയും ഡോ. പോൾ വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. രജിഷ വിജയനാണ് നായിക. ഷാരീസ്, ഷാൽബിൻ, നെബിൻ എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന് ശ്രീജിത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.വെള്ളിമൂങ്ങയ്ക്കുശേഷം ജിജു ജേക്കബ് ആക്ഷേപ ഹാസ്യ രാഷ്ട്രീയ ചിത്രത്തിന്റെ ഭാഗമാവുകയാണ്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സ് തിയേറ്രറിൽ എത്തിക്കും.
അർജുൻ അശോകൻ നായക വേഷത്തിൽ എത്തുന്ന മെമ്പർ രമേശൻ ഒൻപതാം വാർഡ് നവാഗതരായ ആന്റോ ജോസഫ് പെരേരയും എബി തെരേസ പോളും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്നു. ചെമ്പൻ വിനോദ്, ശബരീഷ് വർമ്മ, സാബു മോൻ, ഇന്ദ്രൻസ് എന്നിവരാണ് മറ്റു താരങ്ങൾ. ബോബൻ ആൻഡ് മോളി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബോബനും മോളിയും ചേർന്നാണ് മെമ്പർ രമേശൻ ഒൻപതാം വാർഡ് നിർമ്മിക്കുന്നത്. എൽദോ െഎസക്കാണ് കാമറാമാൻ. അഷ്കർ സൗദാൻ നായക വേഷത്തിൽ എത്തുന്ന ഹരിപ്പാട് ഗ്രാമപഞ്ചായത്ത് ഹരിപ്പാട് ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭീമൻ രഘു, ധർമ്മജൻ ബോർഗാട്ടി, ബിജുക്കുട്ടൻ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, പ്രദീപ് കോട്ടയം, കോബ്ര രാജേഷ്, നീന കുറുപ്പ്, നോബി, അരിസ്റ്റോ സുരേഷ്, ബേസിൽ ജോസഫ് എന്നിവരും വേഷമിടുന്നു. കഥ, തിരക്കഥ റജു കോശി, കാമറ മുബഷിർ പട്ടാമ്പി. ഹരി എന്ന രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് അഷ്കർ സൗദാൻ എത്തുന്നത്. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും.