വ്യായാമത്തിന് മുൻപും ശേഷവുമുള്ള ആഹാരക്രമത്തിനും അതിന് പാലിക്കേണ്ട സമയക്രമത്തിനും ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ട്. വ്യായാമത്തിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കുക. വ്യായാമത്തിന് മുൻപ് പഴങ്ങൾ, ഓട്സ് എന്നിങ്ങനെ ലളിതമായ ഭക്ഷണക്രമമാണ് ഉത്തമം. ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ വ്യായാമത്തിന് മുമ്പ് പ്രോട്ടീനും കൊഴുപ്പും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കരുത്.
കഠിനവ്യായാമങ്ങൾക്ക് ശേഷം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കഠിന വ്യായാമത്തിന് ശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാൽ എന്നിവയും കഴിക്കണം. ശരീരത്തിന് പ്രോട്ടീൻ ഉറപ്പാക്കാൻ മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ, കോഴിയിറച്ചി എന്നിവ നിർബന്ധമായും കഴിക്കണം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടി എന്നിവയും ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നൽകും. വ്യായാമം ചെയ്യുന്നവർ കഴിക്കേണ്ട പഴങ്ങളാണ് ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, ഈന്തപ്പഴം, ഏത്തപ്പഴം, പൈനാപ്പിൾ, പപ്പായ, എന്നിവ. ജ്യൂസാക്കി കഴിക്കുന്നതിനേക്കാൾ പഴങ്ങളായിത്തന്നെ കഴിക്കുന്നതാണ് നല്ലത്.