ബാഗ്ദാദ്: ഇറാഖിലെ അതീവ സുരക്ഷാമേഖലയിൽ നടന്ന ഇരട്ട റോക്കറ്റ് ആക്രമണത്തിൽ ഇറാഖി സായുധ സേനാ കൂട്ടായ്മയായ ഹാഷെദ് അൽ ഷാബിയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് അമേരിക്ക. രാജ്യത്തുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് മേൽ ആക്രമണം അഴിച്ചുവിടുന്നത് ഹാഷെദ് അൽ ഷാബിയാണെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. ജനുവരി മൂന്നാം തീയതി അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ രഹസ്യസേനാ തലവൻ ഖാസിം സൊലൈമാനിയോടൊപ്പം ഹാഷെദ് അൽ ഷാബി തലവൻ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ആകെ 7 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
യു.എസിന്റെ ആക്രമണത്തിന് പകരമായി ഇറാനോടൊപ്പം തങ്ങളും പ്രതികാരം ചെയ്യുമെന്ന് ഹാഷെദ് അൽ ഷാബി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തിന് ഇറാൻ നൽകിയ മറുപടിയിൽനിന്നും ഒട്ടും കുറവായിരിക്കില്ല തങ്ങളുടെ പ്രതികരണമെന്നാണ് സമാന്തര സൈനിക വിഭാഗം തലവൻ ഖായിസ് അൽ ഖസാലി ബുധനാഴ്ച പറഞ്ഞത്. ഹാഷെദ് സായുധ സേനാ കൂട്ടായ്മയിലുള്ള ഹരാകത് അൽ നുജാബയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. മുഹന്ദിസിന്റെ മരണത്തിന് തങ്ങൾ പ്രതികാരം ചെയ്യും എന്നാണ് ഹരാകത് അൽ നുജാബ പറയുന്നത്.
'അമേരിക്കൻ സൈനികരോട്, നിങ്ങൾ കണ്ണുകൾ അടയ്ക്കരുത്. മുഹന്ദിസിന് വേണ്ടിയുള്ള പ്രതികാരം ഇറാഖികളുടെ കൈയിൽ നിന്നും നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ കൂട്ടത്തിലെ അവസാന സൈനികനും മടങ്ങിപോകുന്നത് വരെ.' ഹരാകത് അൽ നുജാബയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ബാഗ്ദാദിലെ അമേരിക്കൻ എംബസി ഉൾപ്പെടുന്ന ഗ്രീൻ സോണിലാണ് ഇന്നലെ രാത്രിയോടെ രണ്ട് റോക്കറ്റുകൾ വന്നു പതിച്ചതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ സമാധാന സന്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇറാൻ പിൻവാങ്ങാൻ തുടങ്ങുകയാണെന്നും അത് ലോകത്തിന് നല്ലതാണെന്നും ട്രംപ് പറഞ്ഞിരുന്നു.