ചാലക്കുടി: പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ, പ്ലസ് ടു വിദ്യാർത്ഥിനിയായ യുവതിയെ വകവരുത്തി തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടിൽ വിനോദിന്റെ മകൾ ഗോപിക എന്ന ഇവാനെയാണ് (18) കാറിനകത്തു വച്ച് കുത്തിക്കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനും വെട്ടൂർ സ്വദേശിയുമായ സഫർഷായെയാണ് (26) ഷേക്കൽമുടി പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകന്റെ കൊടും ക്രൂരതയ്ക്കിരയായ ഗോപികയെന്ന ഇവയുടെ ദേഹത്തേറ്റത് കത്തികൊണ്ടുള്ള ഇരുപത്തിനാലിലേറെ കുത്തുകൾ. കൊല്ലാൻ തീരുമാനിച്ചു തന്നെയാണ് ഇവയെ സഫർ ചൊവ്വാഴ്ച ഉച്ചയോടെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുമ്പേ കത്തിവാങ്ങി സൂക്ഷിച്ചിരുന്നു.
കുണ്ടന്നൂരിലുള്ള ഒരു കാർ ഷോപ്പിലെ ഡ്രൈവറായ സഫർഷാ ചാലക്കുടി വഴിയാണ് യുവതിയുമായി കാറിൽ തമിഴ്‌നാട്ടിലേയ്ക്ക് പോയത്. വൈകീട്ട് 6.30ന് മലക്കപ്പാറ ചെക്ക് പോസ്റ്റ് കടക്കുമ്പോൾ ഐ ട്വന്റി കാറിലെ മുൻ സീറ്റിൽ ഇവാനെയും ഉണ്ടായിരുന്നു. പിന്നീട് ആളിയാർ ഭാഗത്ത് വച്ച് ഷേക്കൽമുടി പൊലീസ് പരിശോധനയ്ക്ക് തടഞ്ഞു നിറുത്തുമ്പോൾ കാറിൽ യുവാവ് മാത്രമായിരുന്നു. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോൾ കാറിനുള്ളിൽ രക്തക്കറ കണ്ടെത്തി. ഇതോടെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മലക്കപ്പാറ ചെക്ക് പോസ്റ്റിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള വരട്ടുപാറയിൽ വച്ച് ഇവാനെ നിരവധി തവണ കുത്തിയെന്നും ശേഷം തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞെന്നും ഇയാൾ വെളിപ്പെടുത്തി.
എറണാകുളം സെന്റ് ആൽബർട്സ് കോളേജ് കാമ്പസിലെ ഈശോഭവൻ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഇവ. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും രാത്രിയാകുന്നതിന് മുമ്പ് വീട്ടിൽ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫർ ഇവയെ കാറിൽ കയറ്റിയത്. ആദ്യം മലയ്‌ക്കപ്പാറയിലെത്തി. ചെക്ക് പോസ്‌റ്റിലെ പരിശോധനകൾക്ക് ശേഷം പൊള്ളാച്ചി റൂട്ടിലേക്ക് പോയി. ഇതിനിടയിൽ കാറിലിട്ടായിരുന്നു കൊലപാതകം. പിന്നീട് നാല് കിലാേമീറ്റർ അപ്പുറമുള്ള വരട്ടുപാറയിലെ തേയിലക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. പൊള്ളാച്ചിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട് ചെക്ക്പോസ്‌റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ രക്തം കണ്ടതോടെ അവർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സഫറിനെ കൊച്ചിയിൽ നിന്നെത്തിയ പൊലീസ് ഏറ്റുവാങ്ങി. ഇയാൾ കുണ്ടന്നൂരിലുള്ള ഒരു കാർ ഷോപ്പിലെ ഡ്രൈവറാണ്.
ഇവാനും സഫർഷായും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. എന്നാൽ യുവാവിന്റെ സ്വഭാവ ദൂഷ്യത്താൽ പിന്നീട് ഇവാൻ പിന്മാറി. പ്രശ്നങ്ങളെല്ലാം രമ്യതയിൽ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ഇവാനെ സംഭവ ദിവസം ഇയാൾ കൂടെക്കൂട്ടുകയായിരുന്നു. ഇവയുടെ കുട്ടുകാരുടെ സുഹൃത്തായിരുന്നു സഫർ. അതിലൂടെയാണ് ഇരുവരും പരിചയത്തിലായത്.