red-234

നിലാവിന്റെ മങ്ങിയ വെളിച്ചം ആ മുഖത്തേക്കു പാളി വീണു.

കിടാവ് അടിമുടി വിറച്ചു.

നാറ്റമില്ലെന്നേയുള്ളു. ചിതയിൽ നിന്ന് പകുതി വെന്ത ഒരു ശരീരം എഴുന്നേറ്റ് മുന്നിൽ വന്നു നിൽക്കുന്നതു പോലെ!

ആ കറുത്ത രൂപം ഒന്നു ചിരിച്ചു.

''തനിക്ക് എന്നെ മനസ്സിലാകുന്നുണ്ടോ കിടാവേ?"

''ഇല്ല...."

കിടാവിന്റെ വരണ്ട കണ്ഠത്തിൽ നിന്ന് ശബ്ദമുയർന്നു.

''നീ അറിയാൻ വഴിയില്ല." ഇപ്പോൾ ആ സ്വരം ഏതോ ഗുഹയ്ക്കുള്ളിൽ മുരളുന്ന പുലിയുടേതു പോലെയായി.

''നീ കശക്കിയെറിഞ്ഞ ഒരുപാട് മനുഷ്യരുണ്ടല്ലോ ഈ നിലമ്പൂരിൽ? അവരുടെയൊക്കെ നെഞ്ചത്താണല്ലോ ഈ പാർക്ക് നീ കെട്ടിയുയർത്തിയത്? അതുകൊണ്ട് തന്നെയാണ് ശ്രീനിവാസ കിടാവേ ഇതിന് ആയുസ്സില്ലാതെ പോയത്. ഇപ്പോൾ നിനക്കും."

കിടാവ് പിന്നെയും ആ രൂപത്തെ നോക്കി.

തിരിച്ചറിയാൻ കഴിയുന്നില്ല.

ആ രൂപം തുടർന്നു:

''നീ എത്രപേരെ കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്തുവെന്നതിന് കണക്കുണ്ടോ?"

എം.എൽ.എ മിണ്ടിയില്ല.

''എടാ ചോദിക്കുന്നതിന് ഉത്തരം വേണം വേഗത്തിൽ."

ആ രൂപം പിന്നിലേക്കു കൈ നീട്ടി.

അറ്റം കൂർത്ത ഒരു കമ്പി ഒരാൾ ആ കൈവെള്ളയിലേക്കു വച്ചുകൊടുത്തു.

''ഇനി പറ. കൃത്യമായ കണക്ക്. നീ കാരണം എത്രപേർ മരിച്ചു, എത്ര പേർ വഴിയാധാരമായി?"

''അ... അറിയില്ല."

''അറിയണം." പറഞ്ഞതും ആ രൂപം കമ്പിനീട്ടി ഒറ്റ കുത്ത്. കിടാവിന്റെ വലതു തുടയിലെ മാംസം തുളച്ച് അപ്പുറമെത്തി.

''ആ..."

പാർക്ക് കിടുങ്ങുമാറുച്ചത്തിൽ കിടാവ് അലറിപ്പോയി...

''നീ എത്ര ഉച്ചത്തിൽ വേണമെങ്കിലും നിലവിളിച്ചോ. ചാകാൻ പോകുന്നവന് കരയാൻ അവസരം കിട്ടിയില്ലെന്ന് പരലോകത്തു ചെന്ന് പരാതി പറയരുത്."

കമ്പി വലിച്ചൂരപ്പെട്ടു.

കിടാവിന്റെ തുടയിൽ മുന്നിലും പിന്നിലും വീണ തുളകളിലൂടെ രക്തം പതച്ചുചാടി.

''എന്നെ... എന്നെ ഒന്നും ചെയ്യല്ലേ..."

അയാൾ പെട്ടെന്നു കരഞ്ഞുകൊണ്ട് ഓടാൻ ഭാവിച്ചു.

എന്നാൽ പിന്നിൽ നിന്നിരുന്നവർ അയാളെ പിടിച്ചുനിർത്തി.

''നീ ഓടിയാൽ എവിടം വരെ? ഏത് മാളത്തിൽ പോയി ഒളിച്ചാലും ഞങ്ങൾ വരും. നിന്നെ മാന്തി പുറത്തെടുത്ത് പുകച്ചു തീർക്കാൻ."

മുന്നിൽ നിന്ന രൂപത്തിന്റെ പല്ലുകൾ ഞെരിക്കുന്ന ശബ്ദം കിടാവു കേട്ടു.

''ഞാൻ... ഒത്തിരിപ്പേരെ കൊന്നിട്ടുണ്ട്. കൊല്ലിച്ചിട്ടുണ്ട്. എനിക്ക് മാപ്പു തരണം. ഇനിയുള്ള കാലം ഞാൻ നല്ല മനുഷ്യനായി ജീവിച്ചുകൊള്ളാം..."

കിടാവ് തൊഴുതു.

അതു കണ്ടും കേട്ടും ചുറ്റും നിന്നവർ പൊട്ടിച്ചിരിച്ചു.

''നിങ്ങടെ ഈ അഭിനയം വോട്ടുചോദിച്ചുകൊണ്ട് ചെല്ലുമ്പോൾ മാത്രം മതിയെടോ. ഇവിടെ വേണ്ടാ. വിലപ്പോകത്തില്ല."

''ഞാൻ ... പിന്നെ എന്തു ചെയ്യണം?"

അയാൾ വിക്കി.

''ഒന്നും ചെയ്യണ്ടാ. കർമ്മഫലങ്ങൾ തീയായി നിന്നെ പൊതിയുകയാണെന്നു മാത്രം ഓർത്താൽ മതി. അടുത്ത ചോദ്യം. നിനക്ക് പുലിയുടെ സ്വഭാവം അറിയാമോ? നല്ല കരിമ്പുലിയുടെ?"

ആ രൂപം കമ്പിയിലെ ചോര കിടാവിന്റെ ഷർട്ടിൽത്തന്നെ തുടച്ചു.

''ഇല്ല..."

''പറയാം. ഒരാളെ ആ പുലി കൊന്നെന്നിരിക്കട്ടെ. അത് വിശപ്പുകൊണ്ടാണെന്ന് കരുതാം. അതിനാൽ തന്നെ 'ഇനി വിശക്കുമ്പോഴേ വേട്ടയാടാവൂ" എന്ന് പുലിക്ക് അറിയാവുന്ന ഭാഷയിൽ അതിനെ മനസ്സിലാക്കിയെന്ന് സങ്കൽപ്പിക്കുക."

കിടാവിന് ഒന്നും മനസ്സിലാകുന്നില്ല.

''നീ സങ്കൽപ്പിച്ചോ?"

''ഉം." അയാൾ വെറുതെ മൂളി.

''പക്ഷേ കരിമ്പുലി അത് അനുസരിക്കുകയോ അതിന് മാനസാന്തരം ഉണ്ടാകുകയോ ചെയ്യുമോ?"

''അറിയില്ല..."

''അറിയണം. കടുവയാണെങ്കിൽ വിശക്കുമ്പോൾ മാത്രമേ മറ്റൊരു ജീവിയെ കൊല്ലൂ. പക്ഷേ പുലിയാണെങ്കിലോ? ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മുന്നിൽ വരുന്ന തന്നെക്കാൾ ദുർബലരെ മുഴുവൻ വെറുതെ കൊന്നൊടുക്കും. ഞാനിത് നിന്നോടു പറയുന്നത് എന്തിനെന്ന് അറിയാമോ?"

''ഇല്ല...."

ഒരു തീച്ചൂളയിൽ അകപ്പെട്ടതുപോലെ കിടാവ് നിന്നുരുകി.

''അതായത് നിനക്ക് പുലിയുടെ സ്വഭാവമാണ്. എത്ര മാപ്പു തന്നാലും നീ നിന്റെ തനിനിറം പുറത്തെടുത്തു കൊണ്ടേയിരിക്കും. നിനക്ക് ഒരിക്കലും ഒരു മനുഷ്യനാകുവാൻ കഴിയില്ല."

കിടാവ് ഉമിനീർ വിഴുങ്ങി.

''നീ വടക്കേ കോവിലകത്തെ രാമഭദ്രൻ തമ്പുരാനെ അറിയുമായിരുന്നോ?"

''അറിയും."

''അദ്ദേഹം എങ്ങനാ മരിച്ചത്?"

''അതൊരു ആക്സിഡന്റ് ആണെന്നാ കേട്ടത്... നാടുകാണി ചുരത്തിലോ മറ്റോ..."

ശ്രീനിവാസ കിടാവിനു പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല.

മിന്നൽ പോലെ കൂർത്ത കമ്പി ചീറിവന്നു....

അത് കിടാവിന്റെ ഇടത്തെ തുടയിലും ഒരു തുള വീഴ്‌ത്തി പിൻവലിഞ്ഞു.

കിടാവിന് ഒന്നു പിടയാൻ പോലും കഴിഞ്ഞില്ല. പിടിച്ചുനിർത്തിയിരുന്നവർ അതിന് അനുവദിച്ചില്ല.

''സത്യം അതല്ലായിരുന്നല്ലോ കിടാവേ. നാടുകാണി ചുരത്തിൽ വച്ച് നീ ഒരു ആക്സിഡന്റ് ഉണ്ടാക്കി. എന്നിട്ടും മരണപ്പെടാത്ത തമ്പുരാനെ നീയും നിന്റെ ആൾക്കാരും ചേർന്നു കൊന്നു. അതല്ലേടാ സത്യം?"

ശ്രീനിവാസകിടാവിന്റെ തലച്ചോറിൽ ഒരു മിന്നൽ പുളഞ്ഞു.

മറ്റാരും അറിയാതിരുന്ന സത്യം ഇവരെങ്ങനെ...

''നീ എന്താടാ മിണ്ടാത്തത്?"

ആ രൂപം വീണ്ടും കമ്പിയോങ്ങി.

''സത്യമാ... ഞാൻ കൊല്ലിച്ചതാ." കിടാവിന്റെ നാവു കുഴഞ്ഞു.

(തുടരും)