fish-

കാഞ്ഞങ്ങാട്: മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യങ്ങൾക്ക് പൊള്ളും വില. സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തിക്കും അയലയ്ക്കും വില മൂന്നക്കത്തിലെത്തി. അതേസമയം വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്ന കോഴിക്ക് മാർക്കറ്റിൽ വില താരതമ്യേന കുറവാണ്. കഴിഞ്ഞ ഏതാനും മാസമായി മത്തിയുടെ വില കിലോഗ്രാമിനു 200 രൂപയാണ്. അയലയ്ക്കാകട്ടെ മുന്നൂറും. എന്നാൽ വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന കോഴി കിലോഗ്രാമിനു തൊണ്ണൂറ് രൂപ നിരക്കിൽ ലഭ്യമാണ്. മത്സ്യങ്ങളിൽ മുന്തിയ ഇനമായ ചെമ്മീൻ, അയക്കൂറ എന്നിവയ്ക്ക് കിലോഗ്രാമിന് 400 രൂപ മുതൽ മുകളിലോട്ടാണ്. മത്സ്യം യഥേഷ്ടം കിട്ടിയിരുന്ന കാലം കഴിഞ്ഞുപോയെന്ന് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ഏതാനും മാസമായി കടലിൽ നിന്നും മത്സ്യങ്ങൾ കൃത്യമായി കിട്ടുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടിലുമാണ്.മത്തിക്കും മറ്റും നൂറിൽ താഴെ വിലവരുന്ന കാലം തത്കാലം ഉണ്ടാകില്ലെന്ന് കോട്ടച്ചേരി മാർക്കറ്റിലെ മത്സ്യ വിൽപ്പനക്കാർ തറപ്പിച്ചു പറയുന്നു.