യുദ്ധസമാനമായ സാഹചര്യമാണ് പശ്ചിമേഷ്യയിൽ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിരവധി യുദ്ധങ്ങളും ആഭ്യന്തരകലാപവും ആൾനാശവും ഭൗതികനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടിവിടെ. 1979 ലെ ഇറാനിയൻ വിപ്ലവം, 1980 88 ലെ ഇറാൻ ഇറാഖ് യുദ്ധം, 1990 ഗൾഫ് യുദ്ധം, നിരവധി ഇസ്രായേൽ അറബ് പാലസ്തീൻ സംഘട്ടനങ്ങൾ, 2003 2011 ഘട്ടത്തിലെ ഇറാഖ് യുദ്ധം, സിറിയ, യെമൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സമകാലീന ആഭ്യന്തര സംഘർഷങ്ങൾ, പാലസ്തീൻ എന്ന കനൽ, കൊട്ടാരവിപ്ലവങ്ങൾ, പട്ടാള അട്ടിമറികൾ, കുർദ്ദിഷുകളുടെ വേദന, അറബ് വസന്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി രക്തത്തിൽ കുളിച്ച ചരിത്രമാണ് പശ്ചിമേഷ്യയുടേത്.
സംഘർഷപൂരിത ജീവിതത്തിന്റെ ഒടുവിലത്തെ അദ്ധ്യായമാണ് കാസിം സുലൈമാനിയുടെ വധം. അമേരിക്കയുടെ അഭിപ്രായത്തിൽ 'തീവ്രവാദിയായ കാസിം സുലൈമാനിയെ വകവരുത്തിയത് കൂടുതൽ നാശനഷ്ടം വിതയ്ക്കാതിരിക്കാനാണ്.' ഇറാനിൽ ഏറ്രവും സ്വാധീനമുള്ള രണ്ടാമത്തെ നേതാവായിരുന്നു സുലൈമാനി. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങിലെ ജനപങ്കാളിത്തവും അവരുയർത്തിയ 'അമേരിക്കയ്ക്ക് മരണമെന്ന ' മുദ്രാവാക്യവും ഇത് വ്യക്തമാക്കുന്നു. അമേരിക്കയുടെ കണക്കുകൾ പ്രകാരം സുലൈമാനിയുടെ നേതൃത്വത്തിൽ ഷിയ തീവ്രവാദികൾ 2003 മുതൽ 2013 വരെ അറുന്നൂറോളം അമേരിക്കൻ സൈനികരെ വകവരുത്തിയിട്ടുണ്ട്. ഒരുകാര്യം ശരിയാണ്, പശ്ചിമേഷ്യയിലാകമാനം ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിലും അമേരിക്കയ്ക്കെതിരെ സിറിയ, യെമൻ, ലെബനൻ എന്നിവിടങ്ങളിൽ ഷിയ തീവ്രവാദികളെ സജ്ജമാക്കുന്നതിലും സുലൈമാനിയുടെ തലച്ചോറിന്റെ പങ്ക് വളരെ വലുതാണ്. അമേരിക്കയെ വിറളി പിടിപ്പിച്ചതുമിതാണ്. അതേസമയം ഐസിസിനെതിരെയുള്ള പോരാട്ടത്തിലും സുലൈമാനി നിർണായകപങ്ക് വഹിച്ചിട്ടുണ്ട്.
കഴമ്പില്ലാത്ത ആരോപണങ്ങൾ
യഥാർത്ഥത്തിൽ അമേരിക്ക ഉയർത്തിയ വാദങ്ങളിൽ വലിയ കഴമ്പില്ല. അമേരിക്കയുടെ ഏകപക്ഷീയമായ സാമ്പത്തിക ഉപരോധമാണ് കാര്യങ്ങൾ വഷളാക്കിയത്. സംയമനം പാലിച്ച ഇറാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടുകൂടി ഉപരോധം മറികടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മേയ് 2019 ന് ശേഷമാണ് സംഘർഷം വർദ്ധിക്കുന്ന തലത്തിലേക്ക് ഇറാൻ നീങ്ങുന്നത്. 2019 മേയ് ജൂണിൽ അമേരിക്കൻ കപ്പലുകളെ ആക്രമിച്ചു, അമേരിക്കൻ ഡ്രോണിനെ വെടിവച്ചു വീഴ്ത്തി. ഡിസംബർ 27 ലെ അമേരിക്കൻ കരാറുകാരന്റെ കൊലപാതകവും തുടർന്ന് അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ആക്രമണവുമാണ് സ്ഥിതി വഷളാക്കിയത്.
പ്രതികരണം എങ്ങനെ ?
ഇറാന്റെ പ്രതികരണം എങ്ങനെ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയോട് നേരിട്ട് യുദ്ധം ചെയ്യാനുള്ള ശേഷി ഇറാന് ഇല്ല . ഒറ്റപ്പെട്ട മിസൈലാക്രമണങ്ങളും ഒളിപ്പോർ മാതൃകയിലുള്ള തീവ്രവാദ ആക്രമണങ്ങളും മാത്രമേ അവർക്ക് കഴിയൂ. അമേരിക്കൻ എംബസികൾ , സൈനികതാവളങ്ങൾ, പൗരന്മാർ, നയതന്ത്രജ്ഞർ തുടങ്ങിയവയായിരിക്കും ഇറാന്റെ ലക്ഷ്യം. സുലൈമാനിയുടെ മരണത്തിന് പ്രതികാരമായി ഇന്നലെ നടന്ന തിരിച്ചടി ( മിസൈൽ ആക്രമണം ) ഇറാഖിലെ രണ്ട് അമേരിക്കൻ സൈനികകേന്ദ്രങ്ങളിലായിരുന്നു എന്നതും ഇത് വ്യക്തമാക്കുന്നു. ഇത്തരത്തിൽ പരിമിതപ്പെടുത്തേണ്ട ഇറാന്റെ പ്രതികരണത്തിന് മാറ്റം വരണമെങ്കിൽഅവർ ആണവശേഷി കൈവരിക്കേണ്ടതായിട്ടുണ്ട്. ആണവശേഷിയുള്ള ഇറാനെ ആക്രമിക്കാൻ അമേരിക്ക തയാറാകില്ല. ഇത് മനസിലാക്കിയാണ് , സുലൈമാനിയുടെ മരണശേഷം ഇറാൻ ആണവകരാറിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരിക്കുന്നത്.
ശക്തിമാൻ അമേരിക്ക തന്നെ
അമേരിക്കയുടെ സൈനിക സാമ്പത്തികശേഷി കണക്കാക്കുമ്പോൾ ഇറാൻ ഒരു എതിരാളിയേ അല്ല. പശ്ചിമേഷ്യയിലെ അമേരിക്കയുടെ കൂട്ടാളികളുടെ താത്പര്യം സംരക്ഷിക്കാനും സൈനികബലം പ്രദർശിപ്പിക്കാനുമാണ് ഇറാനെ പ്രഹരിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയസാദ്ധ്യതകളും നടപടിക്ക് കാരണമായിട്ടുണ്ട്. ഇറാനെ തവിടുപൊടിയാക്കിയെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വോട്ടുപിടിക്കും. അമേരിക്കയെന്ന ശക്തിമാന്റെ ഗുണ്ടായിസമാണ് സംഘർഷത്തിന് അടിസ്ഥാന കാരണം.
ഇന്ത്യയുടെ ധർമ്മ സങ്കടം
അമേരിക്കയും ഇറാനും ഇന്ത്യയ്ക്ക് തന്ത്രപരമായ പങ്കാളികളാണ്. അമേരിക്കയുടെ സാമ്പത്തികവും സൈനികവുമായ സഹായം ഇന്ത്യയ്ക്കാവശ്യമാണ്. മദ്ധ്യഏഷ്യയിലെ ബന്ധം സജീവമാക്കാൻ ഇറാന്റെ ഛബഹാർ തുറമുഖം ഇന്ത്യയ്ക്ക് വേണം. എന്നാൽ ഇന്ത്യ അമേരിക്കയെ പിന്തുണയ്ക്കണമെന്നുള്ള സൂചന ട്രംപ് നൽകിക്കഴിഞ്ഞു. അതുകൊണ്ടാണ് ന്യൂഡൽഹിയിലും ആക്രമണം നടത്താൻ സുലൈമാനിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ നടപടിയെ തീവ്രവാദമായി കണക്കാക്കണമെന്നാണ് ഇറാന്റെ നിലപാട്. ആരെ കൊള്ളും, ആരെ തള്ളും എന്ന ധർമ്മസങ്കടത്തിലാണ് ഇന്ത്യ. സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന നമ്മുടെ നിലപാടിന്റെ അടിസ്ഥാനമിതാണ്. തുറന്നയുദ്ധത്തിലേക്ക് പോയാലുണ്ടാകാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും ഇന്ത്യയെ തുറിച്ചു നോക്കുന്നുണ്ട്.
തുറന്ന യുദ്ധമോ?
ലോകമാകമാനം ഉറ്റുനോക്കുന്നത് സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴുതിവീഴുമോ എന്നാണ്. ഇതിനുള്ള സാദ്ധ്യത വളരെക്കുറവാണ്. വൻനാശനഷ്ടം വരുത്തുന്ന യുദ്ധത്തിൽ ആർക്കും താത്പര്യമില്ല. യുദ്ധം ഒഴിവാക്കണമെന്നുള്ള ചർച്ചകളും സൂചനകളും പശ്ചിമേഷ്യയിലെ സുപ്രധാന രാജ്യങ്ങൾ നൽകിക്കഴിഞ്ഞു. വലിയ യുദ്ധത്തിന് താത്പര്യമില്ലെന്നത് അമേരിക്കയുടെയും ഇറാന്റെയും ചില പ്രസ്താവനകളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. യുദ്ധം നഷ്ടക്കച്ചവടമാണെന്ന് ട്രംപിന് നന്നായറിയാം. വലിയയുദ്ധം വരുത്തുന്ന നഷ്ടം തിരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന് ട്രംപ് കരുതുന്നു. ഇറാനെ സംബന്ധിച്ചും തുറന്ന യുദ്ധം ഒട്ടും അഭിലഷണീയമല്ല. യുദ്ധമുണ്ടായാൽ അമേരിക്കയെ സഹായിക്കാൻ ഒരുപാട് രാജ്യങ്ങൾ മുന്നോട്ടു വരും. ഇറാനെ സഹായിക്കാൻ ആരുമുണ്ടാവില്ല. റഷ്യയും ചൈനയുമൊക്കെ ധാർമ്മിക പിന്തുണയ്ക്കപ്പുറം ഒന്നും ചെയ്യില്ല. കേവലം ധാർമ്മിക പിന്തുണ കൊണ്ട് യുദ്ധം ജയിക്കാനാവില്ല. സംഘർഷങ്ങൾ വളരെ സങ്കീർണമായിട്ടുണ്ടെങ്കിലും തുറന്ന യുദ്ധത്തിലേക്ക് പോകാതെ പോർവിളികൾ പ്രതിധ്വനിക്കുന്ന യുദ്ധാന്തരീക്ഷമായിരിക്കും ഇനി പശ്ചിമേഷ്യയിലേത്.