ഏറെ നാളുകളായി വിരുദ്ധ ചേരികളിലായിരുന്ന അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ കഴിഞ്ഞ ജനുവരി മൂന്നാം തീയതിയോടെയാണ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയത്. ഇറാന്റെ രഹസ്യസേനാ വിഭാഗമായ 'ഖുദ്സി'ന്റെ തലവൻ ഖാസിം സൊലൈമാനിയെ മറ്റ് ആറുപേരോടൊപ്പം അമേരിക്ക കൊലപ്പെടുത്തിയതോടെയാണ് ബന്ധങ്ങൾ ഏറ്റവും വഷളായത്. അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൊലൈമാനിയോടൊപ്പം ഇറാഖി സായുധ സേനാ കൂട്ടായ്മയായ ഹാഷെദ് അൽ ഷാബി തലവൻ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ഇത് ഇറാനിലും ഇറാഖിലുമായി അമേരിക്കയ്‌ക്കെതിരെ അഴിച്ചുവിട്ട ജനവികാരം ഒട്ടും ചെറുതല്ല.
അമേരിക്കൻ മാദ്ധ്യമങ്ങളുൾപ്പെടെ സൊലൈമാനിയെ വധിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒടുവിൽ ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് മേൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ വർഷിക്കുന്നതിലേക്കാണ് സാഹചര്യം ചെന്നെത്തിയത്. എന്നാൽ ഇങ്ങനെയൊരു കടുത്ത പ്രകോപനം ഉണ്ടായിട്ടുപോലും അമേരിക്ക സംയമനം പാലിച്ചതെന്തെന്നാണ് രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പല വിദഗ്ദരും ചിന്തിക്കുന്നത്. പ്രത്യേകിച്ചും 80 അമേരിക്കൻ സൈനികരെ തങ്ങൾ വധിച്ചുവെന്നു ഇറാൻ അവകാശപ്പെടുന്ന സാഹചര്യത്തിൽ.
ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സൈനികരിൽ ഒരാൾപോലും മരണപ്പെട്ടില്ലെന്നതാണ് അമേരിക്ക തിരിച്ചടിക്കാതിരുന്നതിനുള്ള പ്രധാന കാരണം. മാത്രമല്ല, അമേരിക്കൻ സൈനികരെ അപായപ്പെടുത്താൻ ഇറാൻ ഉദ്ദേശിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് നടന്ന ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇറാനിയൻ ആശയവിനിമയ സംവിധാനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ചോർത്തികൊണ്ടിരിക്കുകയായിരുന്ന അമേരിക്കൻ സുരക്ഷാവിഭാഗത്തിന് ആക്രമണം നടക്കാൻ പോകുന്നത് സൂചിപിച്ചുകൊണ്ടുള്ള 'ഹീറ്റ് സിഗ്നേച്ചർ' മാറ്റങ്ങളെ കുറിച്ച് മനസ്സിലായിരുന്നു. മാത്രമല്ല ഇത് സംബന്ധിച്ച് ഇറാഖി സർക്കാരും അമേരിക്കയ്ക്ക് വിവരം നൽകിയിരുന്നു.
വിവരം ലഭിച്ചത് മുതൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ള അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ അർദ്ധരാത്രി മുതൽ വൈറ്റ് ഹൗസിൽ ഒത്തുകൂടിയിരുന്നു. തുടർന്ന് തങ്ങളുടെ സൈനികരെ അമേരിക്ക ഉടൻതന്നെ ബങ്കറുകളിലേക്ക് മാറ്റുകയും ചെയ്തു. അമേരിക്കൻ, ആഗോള മാദ്ധ്യമമായ സി.എൻ.എന്നിൽ നിന്നും ലഭിക്കുന്ന വിവരപ്രകാരം അമേരിക്കയ്ക്ക് ഒരു 'സന്ദേശം' നൽകുക എന്നത് മാത്രമായിരുന്നു ഇറാന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് സ്വിട്സർലാൻഡ് തുടങ്ങിയ രാജ്യങ്ങൾ വഴി ഇറാൻ അമേരിക്കയെ ബന്ധപ്പെട്ടിരുന്നു. ശേഷം അമേരിക്കയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഇറാൻ. എന്നാൽ ഒരു അമേരിക്കൻ ജീവനെങ്കിലും നഷ്ടപ്പെട്ടിരുന്നുവെങ്കിൽ അമേരിക്ക ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമായിരുന്നു എന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അങ്ങനെ സംഭവിച്ചിട്ടില്ല എന്ന വിവരം ലഭിച്ചത് മുതൽ വൈറ്റ് ഹൗസിൽ ഉറക്കമിളച്ച് ചർച്ചകൾ നടത്തുകയായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്ക് ശ്വാസം നേരെ വീണു. ലോകത്തിനുമുന്നിൽ തങ്ങളുടെ അഭിമാനം സംരക്ഷിക്കുക എന്നതിനായിരുന്നു ഇറാൻ മുൻഗണന നൽകിയത്. എന്നാൽ അമേരിക്കയ്ക്ക് അളവിൽ കവിഞ്ഞ പ്രകോപനം സൃഷ്ടിക്കാനും പാടില്ല. ഇതായിരുന്നു ഇറാന്റെ യഥാർത്ഥ നയം. ഇറാന്റെ ഈ നയപരമായ നീക്കം അമേരിക്കയ്ക്കും ഗുണമാണ് ചെയ്തത്. കൈവിട്ടുപോകാമായിരുന്ന, രാജ്യത്തിന് അനാവശ്യ ചീത്തപ്പേര് ഉണ്ടാക്കാൻ ഇടയാകുമായിരുന്ന ഒരു ദുരവസ്ഥയിൽ നിന്നുമായിരുന്നു രാജ്യം കര കയറിയത്. തുടർന്നാണ് 'എല്ലാം നന്നായി പോകുന്നു' എന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതും, ഒരു ദിവസം കഴിഞ്ഞ് സമാധാന സന്ദേശം പുറപ്പെടുവിച്ചതും. ഇറാന്റെ ഭാഗത്തുനിന്നും കരുതലോടെയുണ്ടായ ഈ നീക്കം അടുത്തുതന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ഡൊണാൾഡ് ട്രംപിന്റെയും, അമേരിക്കയുടെയും സൽപ്പേരിനെയും രക്ഷിച്ചുവെന്ന് കരുതാവുന്നതാണ്.