തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് മുൻതൂക്കം. കൊച്ചിയിൽ ഇന്നലെ ചേർന്ന ഭാരവാഹി യോഗത്തിലാണ് സുരേന്ദ്രന്റെ പേരിന് മുൻതൂക്കം ലഭിച്ചത്. അദ്ധ്യക്ഷ പദവിയിലേക്കുള്ള നേതാവിനെ കണ്ടെത്താൻ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എൽ നരസിംഹ റാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും യോഗത്തിൽ പങ്കെടുത്തത്.
പ്രസിഡന്റ് പദത്തിലേക്ക് രണ്ട് പേരെ നിർദ്ദേശിക്കാനാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. സുരേന്ദ്രനെ കൂടാതെ എം.ടി രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകളാണ് മിക്കവരും നിർദ്ദേശിച്ചത്. നാല് പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു. എ.എൻ രാധാകൃഷ്ണന്റെയും കെ.പി ശ്രീശന്റെയും പേര് ചിലർ നിർദ്ദേശിച്ചു. ദേശീയ നേതാക്കൾ ആർ.എസ്.എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി. നിർദേശങ്ങൾ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മുന്നിലെത്തും. അടുത്ത ആഴ്ച സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം പ്രഖ്യാപിക്കാനാണ് നീക്കം.
സാമുദായിക പ്രാതിനിധ്യം, പ്രവർത്തന പരിചയം, ആർ.എസ്.എസ് ഉൾപ്പെടെ പരിവാർ സംഘടനകളുടെ പിന്തുണ, സ്ത്രീ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ച ശേഷമേ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കൂ. പൊതുധാരണ ഉണ്ടാകുന്നില്ലെങ്കിൽ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നീ മുതിർന്ന നേതാക്കളിലൊരാൾക്കു നറുക്കുവീഴും.
ഒരേ സമുദായത്തിൽ പെട്ടവരെ സുപ്രധാന തസ്തികകളിലേക്കു കൊണ്ടുവരുമ്പോൾ മറ്റൊരു പ്രബല സമുദായം അവഗണിക്കപ്പെട്ടു എന്ന തോന്നലുണ്ടാകരുതെന്നു ആവശ്യമുയർന്നു. ഒരേ സമുദായത്തിൽ പെട്ടവർക്കു തുടർച്ചയായി പദവി ലഭിക്കുന്നതു എതിർപ്പിനു കാരണമാകും. പരാതി ഒഴിവാക്കാൻ ജാതി-മത ചേരുവകൾ സമാസമമാക്കണം. ആദ്യ പരിഗണനയിലുള്ള മൂന്നു ജനറൽ സെക്രട്ടിമാരിൽ പ്രസിഡന്റുപദം ലഭിക്കാത്ത രണ്ടു പേരെ ദേശീയ ഭാരവാഹിയായോ ഇതര സംസ്ഥാന ചുമതലയുള്ള ഇൻചാർജായോ നിയമിക്കാനും സാധ്യതയുണ്ട്. കൂടാതെ നടക്കാനിരിക്കുന്ന തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തമായ വിജയത്തിലേക്ക് നയിക്കാൻ കരുത്തുറ്റ നേതവ് വരണമെന്ന പൊതുവികാരവും ദേശീയ നേതൃത്വം പരിഗണിച്ചേക്കും.