കൽന: (പശ്ചിമ ബംഗാൾ) ലോട്ടറി എടുക്കാത്ത ആളുകൾ നമ്മുടെ ഇടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും ഭാഗ്യം പരീക്ഷിക്കാൻ വേണ്ടിയെങ്കിലും ലോട്ടറി എടുത്ത് നോക്കിയിട്ടുണ്ട് നമ്മളെല്ലാവരും. എന്നാൽ ഒരു കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയിട്ടും ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥിലാണ് 70കാരനായ ഇന്ദ്ര നാരായൺ സെൻ. കോടിപതി ആയതോടെ പുറത്തിറങ്ങാൻ ഭയമാണെന്ന് കാട്ടി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് ബംഗാൾ സ്വദേശിയായ ഇന്ദ്ര നാരായണൻ.
ഞായറാഴ്ചയാണ് സെന്നിന് ഒരു കോടി രൂപ ലോട്ടറിയടിച്ചത്. ലോട്ടറിയടിച്ചതറിഞ്ഞതോടെ നിരവധിപേർ സഹായങ്ങൾ ചോദിച്ച് സമീപിക്കാൻ തുടങ്ങി. ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമല്ല കണ്ട് പരിചയം ഇല്ലാത്തവർ പോലും സഹായമഭ്യർത്ഥിച്ച് വീട്ടിലെത്താൻ തുടങ്ങി.ഇതോടെ വീടിന് വെളിയിലിറങ്ങാൻ സെന്നിന് ഭയമായി. തുടർന്ന് പൊലീസ് സുരക്ഷ തനിക്കും കുടുബത്തിനും ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം മാർക്കറ്റിൽ പോയപ്പോൾ സെൻ 60 രൂപയ്ക്ക് 10 നാഗാലാന്റ് സംസ്ഥാന സർക്കാർ ലോട്ടറി വാങ്ങുകയായിരുന്നു. വാങ്ങിയ ടിക്കറ്റ് പോക്കറ്റിൽ സൂക്ഷിച്ചു. പിന്നീട് അതേക്കുറിച്ച് ഓർമിച്ചതുമില്ല. പിന്നീട് ലോട്ടറി സെന്രർ ഉടമ വീട്ടിലെത്തി വിവരം അറിയിക്കുന്പോഴാണ് തനിക്കാണ് ലോട്ടറിയടിച്ചതെന്നു സെൻ അറിയുന്നത്. ലോട്ടറിയടിച്ച വിവരം സെൻ ആരെയും അറിയിച്ചില്ല. എന്നാൽ ലോട്ടറി സെന്റർ ഉടമ ഇക്കാര്യം എല്ലാവരെയും അറിയിച്ചു. തുടർന്ന് സെൻ ടിക്കറ്റ് എസ്.ബി.ഐ ബ്രാഞ്ചിൽ ഏൽപ്പിച്ചു. മൂന്ന് മാസത്തിനുള്ളിൽ പണം അക്കൗണ്ടിൽ എത്തും. എല്ലാവരും തന്നെ സമീപിച്ചത് സ്വൈര്യം നഷ്ടപ്പെടുത്തുകയാണെന്ന് സെൻ പറഞ്ഞു.
സർക്കാർ കുഴൽക്കിണർ ഓപറേറ്റർ ആയിരുന്നു സെൻ. പത്തുമാസം മുൻപാണ് സർവീസിൽ നിന്നും വിരമിച്ചത്. 10,000 രൂപ മാസം പെൻഷൻ ലഭിക്കുന്നുണ്ട്. വിരമിച്ചപ്പോൾ കിട്ടിയ തുകയ്ക്ക് ശേഷം ഇപ്പോഴാണ് ഇത്രയും പണം ഒന്നിച്ച് ലഭിക്കാൻ പോവുന്നതെന്ന് സെൻ പറഞ്ഞു. പണത്തിന്റെ ഒരു ഭാഗം വീടിനടുത്തുള്ള ദുർഗ ക്ഷേത്രത്തിന് നൽകും. ബാക്കിതുക മൂന്ന് മക്കൾക്കായി വീതിച്ച് കൊടുക്കും. തനിക്കും ഭാര്യക്കും ഇനിയുള്ള കാലം ജീവിക്കാൻ ഈ പണത്തിന്റെ ആവശ്യം ഇല്ലെന്നും സെൻ പറഞ്ഞു.