chhapaak

ഉടൻ പുറത്തിറങ്ങുന്ന 'ചപാക്ക്' എന്ന ദീപിക പദുകോൺ ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച മാലതിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ ദീപികയുടെ രൂപവും കഥാപാത്രവും ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. തുടർന്ന്, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും, ആസിഡ് അറ്റാക്ക് നേരിട്ടവരെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായും സിനിമയിലെ കഥാപാത്രത്തിന്റെ രൂപത്തിൽ മുംബയ് നഗരം ചുറ്റിക്കറങ്ങിയ ദീപികയ്ക്ക് നേരിടേണ്ടി വന്നത് കൂടുതലും മോശം അനുഭവങ്ങളാണ്. ദീപിക ഒറ്റയ്ക്കായിരുന്നില്ല.

സുഹൃത്തുക്കളായ, യഥാർത്ഥ ആസിഡാക്രമണത്തിന്റെ ഇരകളും ദീപികയോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. ചിലർ ഇവരെ നോക്കി മുഖം ചുളിച്ചപ്പോൾ. മറ്റ് ചിലർ ഇവരുടെ അടുത്തുനിന്നും മാറിപോകുകയാണ് ചെയ്തത്. മറ്റുചിലരാകട്ടെ ഇവരോട് രൂക്ഷമായി പെരുമാറുക പോലും ചെയ്തു. ആസിഡ് ആക്രമണം നേരിട്ടവർക്കെതിരെ ചിന്തിക്കുന്ന ഒരു സമൂഹത്തിലേക്ക് വെളിച്ചം വീഴുന്ന വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. മറ്റുള്ളവരെ നോക്കികാണുന്നതിൽ ആൾക്കാർ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ദീപിക വീഡിയോ അവസാനിപ്പിക്കുന്നത്. ജനുവരി 10നാണ് ചിത്രം പുറത്തിറങ്ങുക.