കുട്ടികളുടെ ജീവിതത്തെ കുറിച്ച് എന്നും ആശങ്കപ്പെട്ട് ജീവിക്കുന്നവരാണ് മാതാപിതാക്കൾ. അവരുടെ സുരക്ഷിതഭാവിക്കായി ചെയ്യാനാവുന്ന കാര്യങ്ങളൊക്കെ മിക്ക രക്ഷിതാക്കളും നിർവഹിക്കാറുണ്ട്. എന്നാൽ പ്രായം കുടുംതോറും രക്ഷിതാക്കൾക്ക് മക്കളോടുള്ള സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കും. മക്കൾ ചെയ്യുന്ന പല കാര്യങ്ങളിലും അവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പെൺകുട്ടികളാണെങ്കിൽ അത് ഒന്നുകൂടെ വർദ്ധിക്കും. മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സമീപനത്തെ കുറിച്ച് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ കല എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു.
കുറിപ്പ് വായിക്കാം
വല്ലാത്ത ഞെട്ടൽ ആണ് ചിലപ്പോൾ മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം..
കുട്ടികളുടേതായ ഒരുപാട് പ്രശ്നങ്ങൾ ചുറ്റിലും നടക്കുന്നത് കണ്ടിട്ട് ഉണ്ടായത് ആകാം എന്നാലും പലപ്പോഴും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ അച്ഛനമ്മമാർ പറയാറുണ്ട്..
പതിനാലുകാരിയുടെ പ്രണയം ഒരമ്മയെ എങ്ങനെ മാനസികമായി ബാധിക്കുന്നു എന്ന് ഊഹിക്കാം..
എന്നാൽ, ആ സങ്കര്ഷം കൊണ്ട് അവർ ചോദിച്ച ചോദ്യം, ഒരു സൈക്കിയാട്രിസ്റ് നെ കാണിച്ചാൽ വല്ല മരുന്നും ഉണ്ടാകുമോ ഇത്തരം വികാരം ഒന്ന് ഇല്ലാതെ ആക്കാൻ !!
അല്ലേൽ ഈ ഹോർമോൺ അങ്ങ് നശിപ്പിച്ചു കളയാൻ?
പ്രണയം തുടങ്ങി എല്ലാ വികാരവും കത്തിച്ചു കളഞ്ഞു, തത്കാലം പഠനം മാത്രം മനസ്സിൽ നിറയുന്ന എന്തെങ്കിലും മന്ത്രം ഉണ്ടോ എന്നാണവരുടെ ചിന്ത..
എൻട്രൻസ് പരീക്ഷണം കൊഴുപ്പിക്കാൻ കേരളത്തിൽ നടത്തുന്ന ചില സ്ഥാപനത്തിൽ, പത്രം പോലും വായിക്കാൻ അനുമതി ഇല്ല..
ഹോസ്റ്റലിൽ പരസ്പരം സംസാരിക്കാൻ പാടില്ല..
ഒരുമിച്ചു ഇരിക്കാൻ പറ്റില്ല..
""വീട് വിട്ടു നിൽക്കുന്നതിന്റെ ഒരുപാട് സങ്കടം തോന്നിയ ഒരു ദിവസം രാത്രിയിൽ ഞാൻ കൂട്ടുകാരന്റെ മുറിയിൽ പോയി..
എല്ലായിടത്തും ക്യാമറ വെച്ചിട്ടുണ്ട്.
വാർഡൻ എന്നോട് ചോദിച്ചത്, ആരുടെ സുഖം തേടിയാണ് നീ അവിടെ പോയത് എന്നാണ്..""
പ്രശസ്തമായ ഒരു സ്ഥാപനത്തിൽ പഠിക്കാൻ പോയിട്ട് അവിടെ നിന്നും ഇറങ്ങി വന്ന ഒരു കുട്ടി അനുഭവങ്ങൾ പറഞ്ഞപ്പോൾ ഭയമാണ് തോന്നിയത്...
ഒരു വ്യക്തി ഏറ്റവും കൂടുതൽ വളരുന്നത് സംസാരിക്കാനുള്ള ആർജ്ജവം നേടുമ്പോൾ ആണ്..
കൗമാരക്കാരായ കുട്ടികളുടെ ചിന്തകളെയും വർത്തമാനങ്ങളെയും വന്ധീകരിച്ചു എന്ത് മാനസിക വളർച്ചയാണ് നാളെ ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നത്?
മനുഷ്യത്വം വളരാനുള്ള വാജീകരണമാണ് ആദ്യം മാതാപിതാക്കൾ എടുക്കേണ്ടത്..
കഷ്‌ടപ്പെട്ടു എൻട്രൻസ് വിജയിച്ചു, മെഡിസിൻ പഠിക്കാൻ പോകുന്നു.. അവിടത്തെ പഠനവും കഴിഞ്ഞു എത്തുമ്പോൾ,
ഈ കുഞ്ഞുങ്ങൾക്ക് സഹാനുഭൂതി എന്നൊന്ന് മനസ്സിൽ അല്പം എങ്കിലും ഉണ്ടാകുമോ?
കൗൺസലിംഗ് നു കൊണ്ട് വരുമ്പോൾ,
ഒറ്റ കാര്യമേ വേണ്ടു..
മറ്റെല്ലാ ചിന്തകളും മരവിപ്പിച്ചു പഠനം മാത്രമാക്കണം !
നന്ദൻകോട് കൂട്ടകൊലപാതക കേസിലെ kedal നെ ഓർമ്മയില്ലേ?
അവന്റെ മനസ്സിന്റെ തകരാറു മനസ്സിലാക്കാൻ ഡോക്ടർ ആയ അമ്മയ്ക്ക് പോലും ആയില്ലേ എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്..
സങ്കടം എന്നാൽ, ഉയർന്ന ഉദ്യോഗത്തിൽ ഇരിക്കുന്ന മാതാപിതാക്കളുടെ മക്കളുടെ പ്രശ്നം ആണ് പരിഹരിക്കാൻ ബുദ്ധിമുട്ട് എന്നതാണ്..
കാരണം, അവർക്ക് മക്കളുടെ മനസ്സിനേക്കാൾ, അവരുടെ പ്രശ്‌നത്തെക്കാൾ, സമൂഹത്തിന് മുന്നിലുള്ള സ്റ്റാറ്റസ് ആണ് പ്രാധാന്യം..
എൻട്രൻസ് എഴുതി കിട്ടിയില്ല എങ്കിൽ എന്റെ അമ്മ തലകുനിക്കേണ്ടി വരുമെന്ന് പറഞ്ഞു കരഞ്ഞ പ്രശസ്തയായ ഡോക്ടറുടെ മകളുടെ മുഖം മായില്ല.
ആൺകുട്ടികൾ കരയാൻ പാടില്ല, ഏത് പ്രതിസന്ധികളും അതിജീവിച്ചു പോകണം എന്നാണ് എന്നത്തേയും കാഴ്ചപ്പാട്..
ഇന്ന്, അവർ നേരിടുന്ന പലവിധ മാനസിക സംഘര്ഷങ്ങളും കയ്യെത്തും ദൂരത്ത് കിട്ടുന്ന ലഹരിയും അവരെ ഒരു ക്രിമിനൽ ആക്കാൻ എളുപ്പമാണ്..
പ്രണയപകയുടെ ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കളെ പോലെ, കൊല ചെയ്ത ആണിനും ഉണ്ടാകും മകന്റെ നടപടിയിൽ ഞെട്ടി ഇരിക്കുന്ന അച്ഛനും അമ്മയും..
അവനോളം ദുര്ബലൻ മറ്റാരുണ്ട്?
ബോധവൽക്കരണം നടത്തണം തുടർച്ചയായി..
കുട്ടികൾക്കു ഇടയിൽ, മാതാപിതാക്കൾക്ക് ഇടയിൽ, അദ്ധ്യാപകർക്ക് ഇടയിലും..
പഠനം മാത്രമാകരുത് സിലബസ്സ്..
*Life skill education *( ജീവിതം പഠിക്കാനുള്ള വിദ്യാഭ്യാസം )അവരിൽ എത്തിക്കാനുള്ള നടപടികൾക്ക് ഇനിയും താമസം അരുത്..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്