ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യാഥാസ്ഥിതിക പ്രൗഢിയിൽ
നിന്ന് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് പറക്കാൻ ഹാരി രാജകുമാരനും ഭാര്യ മേഗനും കൊട്ടാരത്തിലെ ‘സീനിയർ അംഗങ്ങൾ' എന്ന പദവി ഉപേക്ഷിച്ചു. എങ്കിിലും എലിസബത്ത് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടരുമെന്ന് സോഷ്യൽമീഡിയ കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ രാജ്ഞിയോടോ ഒന്നാം കിരീടാവകാശിയും പിതാവുമായ ചാൾസ് രാജകുമാരനുമായോ ആലോചിക്കാതെയുള്ള ഹാരിയുടെ തീരുമാനം രാജകുടുംബത്തെ ഞെട്ടിച്ചു. രാജകുടുംബത്തിൽ കലാപക്കൊടിയെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'മാസങ്ങളോളം ആലോചിച്ചാണ് തീരുമാനം എടുത്തത്. രാജകീയ ഉത്തരവാദിത്വങ്ങൾ ഒഴിഞ്ഞ് സാമ്പത്തികമായി സ്വാതന്ത്രനാകാനാണ് തീരുമാനം. ഇനി അമേരിക്കയിലും ബ്രിട്ടനിലുമായി ജീവിതം ചെലവഴിക്കും. മകൻ ആർച്ചിയെ രാജകീയ പാരമ്പര്യത്തിൽ വളർത്തും. '- ഹാരിയും മേഗനും കുറിച്ചു.
ആറാഴ്ചത്തെ കനേഡിയൻ സന്ദർശനം കഴിഞ്ഞ് ഇരുവരും മടങ്ങിയ ഉടനായിരുന്നു പ്രഖ്യാപനം.
രാജപദവിയിലുള്ള ജീവിതം ദുഷ്കരമാണെന്ന് മുമ്പ് ആഫ്രിക്കൻ പര്യടനത്തിനിടെ ഹാരി വ്യക്തമാക്കിയിരുന്നു. ഹാരിയും സഹോദരൻ വില്യമും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വാർത്തകളുണ്ടായിരുന്നു.രാജപദവികൾ ഉപേക്ഷിച്ചാലും കോമൺവെൽത്തിലും മറ്റുമുള്ള ചില ഉത്തരവാദിത്വങ്ങൾ ഉടൻ ഒഴിവാക്കാനാകില്ല.
സ്വതന്ത്രമായി ജീവിക്കാനുള്ള അവരുടെ ആഗ്രഹം മനസിലാക്കുന്നു. സങ്കീർണമായ ഈ പ്രശ്നം പ്രാരംഭ ചർച്ചയിലാണ്. സമയം വേണ്ടിവരും.
- ബ്രിട്ടീഷ് രാജകുടുംബം
എലിസബത്ത് രാജ്ഞിയുടെ ചെറുമകനും ചാൾസ്-ഡയാന ദമ്പതിമാരുടെ രണ്ടാമത്തെ മകനുമായ ഹാരിയും ഭാര്യ മേഗനും നും ‘ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ്’ എന്ന ഔദ്യോഗിക പദവിയാണ് വഹിച്ചിരുന്നത്.
രാജകുടുംബത്തിലെ ആറാം പിന്തുടർച്ചാവകാശി
രണ്ടുവർഷം മുമ്പാണ് ഹോളിവുഡ് നടിയും മോഡലുമായ മേഗൻ മെർക്കലും ഹാരിയും വിവാഹിതരായത്
ഹാരി റോയൽ എയർഫോഴ്സിൽ സേവനം അനുഷ്ഠിക്കുന്നു
രാജ്ഞിയുടെ പ്രതിനിധിയായി നിരവധി ചാരിറ്റികളുടെ പേട്രൺ ആയിരുന്നു