തിരുവനന്തപുരം: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുമെന്നും തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആം ആദ്മിയുമായി സഖ്യമുണ്ടാക്കില്ലെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമമോ പൗരത്വ പട്ടികയോ രാജ്യ തലസ്ഥാനത്ത് നടപ്പാക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള ജനങ്ങളുടെ എതിർപ്പ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യും. പി.സി ചാക്കോ 'ഫ്ളാഷി'നോട്..
സ്ഥാനാർത്ഥികൾ 14ന് മുമ്പ്
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴ് പാർലമെന്റ് സീറ്റുകളിൽ രണ്ടെണ്ണത്തിൽ ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തി. ബാക്കി അഞ്ചിടത്തും സ്ഥിതി മെച്ചപ്പെടുത്തി. അതിനെക്കാൾ മെച്ചപ്പെട്ട ഫലം ഇത്തവണയുണ്ടാകും. ത്രികോണ മത്സരം ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിലും അവരുടെ നില പരുങ്ങലിലാണ്. പതിനാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോഴേക്കും ഞങ്ങളുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ചേർന്നു. ഇനി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് പൂർണ അംഗീകാരം നൽകും. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തയാറാക്കി കഴിഞ്ഞു. ബൂത്ത് തലം മുതൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും സജീവമാണ്.
ഷീല പെൻഷൻ യോജന
ഞായറാഴ്ച തിരഞ്ഞെടുപ്പ് പത്രിക ഞങ്ങൾ പുറത്തിറക്കും. വയോജനങ്ങൾക്കുള്ള ഷീലാ പെൻഷൻ യോജന പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായിരിക്കും. നേരത്തെ ഷീലാ ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വയോജനങ്ങൾക്ക് ആയിരം രൂപ മാസം പെൻഷൻ നൽകിയിരുന്നു. അത് അയ്യായിരം രൂപയായി വർദ്ധിപ്പിച്ചായിരിക്കും പുതിയ പദ്ധതി. അങ്ങനെ വരുമ്പോൾ ഒട്ടുമിക്ക കുടുംബങ്ങൾക്കും പതിനായിരം രൂപാ വീതം ലഭിക്കും. തൊഴിലില്ലായ്മ വേതനം ഉൾപ്പടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ടാകും. വൈദ്യുതി സൗജന്യമാണെങ്കിൽ കൂടി അതിന്റെ ഗുണം ഇരുപത് ശതമാനം ജനങ്ങൾക്ക് മാത്രമേ സംസ്ഥാനത്ത് ലഭിക്കുന്നുള്ളൂ. എന്നാൽ, കൂടുതൽ ജനങ്ങൾക്ക് വൈദ്യുതി സൗജന്യമായി എത്തിക്കാനുള്ള പദ്ധതി കോൺഗ്രസ് പ്രകടന പത്രികയിലുണ്ടാകും.
സർക്കാർ വിരുദ്ധത വോട്ടാകും
വൈദ്യുതിയും വെള്ളവും സൗജന്യമായി കൊടുത്തുവെന്ന് ആം ആദ്മി സർക്കാർ കൊട്ടിഘോഷിക്കുമ്പോൾ വളരെ കുറച്ച് ജനങ്ങൾക്ക് മാത്രമേ അതിന്റെ ഗുണം ലഭിച്ചിട്ടുള്ളൂ. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. എന്നാൽ, ആം ആദ്മി സർക്കാർ ചെയ്തിട്ടുള്ള സൗജന്യങ്ങളൊക്കെ ജനങ്ങൾക്കിടയിൽ അവർക്ക് അനുകൂലമായി പ്രയോജനപ്പെട്ടേക്കാം. എന്നാൽ, ഡൽഹിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒന്നും ചെയ്യാൻ അഞ്ച് വർഷം കൊണ്ട് അവർക്ക് സാധിച്ചില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള സംസ്ഥാനങ്ങളിലൊന്നായി ഡൽഹി മാറി. ശുദ്ധജല വിതരണത്തിലെ അപര്യാപ്‌തതയും കൂടുതലാണ്. പൊലീസ് കേന്ദ്ര സർക്കാരിന്റെ കൈയിലാണ്. അതാണ് ജെ.എൻ.യുവിലും ജാമിയ മിലിയയിലും കണ്ടത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ല. ഇതൊന്നിനും പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജനവിധി കോൺഗ്രസിന് അനുകൂലമാകും.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല
ബി.ജെ.പിയും ആം ആദ്‌മിയും കോൺഗ്രസിന്റെ മുഖ്യ എതിരാളികളാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം കോൺഗ്രസിനുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യാതൊരുവിധ സഖ്യവും ആം ആദ്മിയുമായി ഉണ്ടാക്കില്ല. കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ടാകില്ല. തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാർ എല്ലാവരും ചേർന്നായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. ഉയർത്തിക്കാട്ടാൻ നേതാവില്ലായെന്ന ഭീഷണി ഞങ്ങളെ അലട്ടുന്നില്ല. പാർട്ടിയെയും പാർട്ടി ചിഹ്നത്തെയുമാകും ഞങ്ങൾ ഉയർത്തികാട്ടുക.