മുംബയ്:ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ എം.ഡിയായിരുന്ന മലയാളി തക്കിയുദ്ദീൻ വാഹിദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും അധോലോക കുറ്റവാളിയുമായ ഇജാസ് ലക്ഡാവാലയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇരുപത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇജാസിനെ പാട്നയിൽ വച്ചാണ് മുംബയ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതി 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം, കൊള്ള, കലാപം തുടങ്ങി 27 കേസുകളിൽ പ്രതിയാണ്.
1995 നവംബർ 13നാണ് തക്കിയുദ്ദീൻ വാഹിദിനെ ബോംബെ ബാന്ദ്രയിലെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകവെ വെടിവച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഇജാസ് കാനഡയിലേക്കു കടന്നു. 2004 മേയിൽ ഒട്ടാവയിൽ നിന്ന് കനേഡിയൻ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ പാസ്‌പോർട്ടുമായി രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ, കഴിഞ്ഞ ഡിസംബർ 28ന് ലക്ഡാവാലയുടെ മകൾ സോണിയയെ മുംബയ് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി വ്യവസായിയുടെ കൈയിൽനിന്ന് പണം തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.
സോണിയ പൊലീസ് കസ്റ്റഡിയിയിലുണ്ട്.
ലക്ഡാവാലയെക്കുറിച്ച് മകൾ ഒരുപാട് വിവരങ്ങൾ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലക്ഡാവാല പാട്നയിലെത്തിയെന്ന് മനസിലാക്കിയതും പിടികൂടാൻ പൊലീസ് വലവിരിച്ചതും.
- സന്തോഷ് റുസ്തോഗി, മുംബയ് ജോയിന്റ് പൊലീസ് കമ്മിഷണർ
തുടക്കം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പം
1993ൽ ഛോട്ടാരാജനൊപ്പം ചേർന്നു
2000വരെ ഛോട്ടാരാജന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളി
2001ൽ സ്വന്തം അധോലോക സംഘമുണ്ടാക്കി
വിദേശരാജ്യങ്ങളിലാണ് ക്വട്ടേഷൻ പ്രവർത്തനങ്ങളധികവും
ഹോട്ടൽ വ്യവസായി ഫരീദ് ഖാൻ ഉൾപ്പെടെ വ്യവസായ–സിനിമാരംഗത്തെ പല കൊലപാതകങ്ങൾക്ക് പിന്നിലും ലക്ഡാവാലയായിരുന്നു.
തക്കിയുദ്ദീൻ വാഹിദ്
വർക്കല ഇടവ സ്വദേശി
1992ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് തുടങ്ങി
1995ൽ മുംബയ്, ന്യൂഡൽഹി, ചെന്നൈ ഓഫീസുകൾ തുറന്നു
ആദ്യം മൂന്ന് ബോയിംഗ് വിമാനങ്ങൾ സ്വന്തമാക്കി
ഒടുവിൽ വാടകയ്‌ക്കെടുത്തവ ഉൾപ്പെടെ പതിനൊന്ന് വിമാനങ്ങൾ
1995 നവംബർ 13ന് വെടിവച്ചു കൊന്നു
സാമ്പത്തിക ബാദ്ധ്യത കാരണം എയർലൈൻസ് അടച്ചുപൂട്ടി